ആവശ്യമുള്ളതില്‍ കുത്തിക്കോ...

6/27/12

അനന്തന്‍ മേസ്ത്രീന്‍റെ കുപ്പിപ്പാന്‍റ്,,,,,,

                               നമുക്ക് ചുറ്റുമുള്ളവര്‍, നമ്മുടെ തന്നെ കഥയില്‍ കഥാപാത്രങ്ങളായി എത്തുന്നത്‌ എങ്ങനെ വ്യാഖ്യാനിക്കാം...? സര്‍ഗശേഷി കുറഞ്ഞവന്‍ എന്നോ, സ്വന്തം ഭാവനയില്‍ പൂച്ചപെറ്റ് കിടക്കുന്നവനെന്നോ പറയാം, ആക്ഷേപിക്കം ...
തിരക്കഥ എന്ന സിനിമ റിലീസ്‌ ആയപ്പോള്‍ , ശ്രീവിദ്യയുടെ കഥ വളച്ചൊടിച്ചു രഞ്ജിത്ത് വിറ്റു കാശാക്കി എന്നും , ഇങ്ങനെ ഉള്ളവന്‍ ഏറെ കാലം സിനിമ പിടിക്കില്ലെന്നും പറഞ്ഞ കൈരളിയുടെ പുത്രന്മാര്‍  ഉണ്ട്....


എങ്ങനെയായാലും, ചില സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍ നമ്മളെ വല്ലാതെ സ്വാധീനിക്കും...


  കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്തുള്ള പൊയനാട് എന്ന് പറയുന്ന  ശാന്ത സുന്ദര  ഗ്രാമത്തിലെ വസ്ത്രാലങ്കാര ചുമതല പണ്ട് മുതലേനിര്‍വഹിച്ചിരുന്ന (ഇരിക്കുന്ന) വ്യക്തിയാണ് അനന്തന്‍ മേസ്ത്രി...


പൊയനാട് നാട്ടിലെ ഒരു മുഖ്യസ്ഥനും , അടിയുറച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ആയിരുന്നു മേസ്രി...(ഇനി മേസ്ത്രി എന്ന് പറയില്ല, മേസ്രി...അത് മതി).നാടിന്‍റെ അന്നദാതവായ ബാലാട്ടന്റെ പീടികയുടെ തൊട്ടടുത്ത മുറിയില്‍ ഇരുന്നാണ് മേസ്രിയുടെ തുന്നപ്പണി..., ബാലട്ടന്റെ പീടികയില്‍ അമ്മയെയും പ്രാകി സാധനം വാങ്ങാന്‍ പോയി നിക്കുമ്പോ, മനോരമ പേപ്പര്‍ വായിക്കാന്‍ മേസ്രിയുടെ കടയിലും കയറും.


കടയില്‍ കയറുന്നതിനു വേറെ ഒരു ഉദ്ദേശം കൂടെയുണ്ട്...
അലമാരയില്‍ നിരയായി വച്ചിരിക്കുന്ന തുണിപ്പെട്ടികള്‍....
അതിലെ സുന്ദരിയായ സ്ത്രീകള്‍...(കൂടുതല്‍ പറയുന്നില്ല, സദാചാര പോലീസ് പിടിക്കും)


മേസ്രി അധികമായി ആരോടും മിണ്ടാത ആളാണ്‌, എന്നാലും, അങ്ങോട്ട്‌
"മേസ്രി..."
എന്ന് വിളിച്ചാല്‍...
"ആ" 
എന്നൊരു മറുപടി കിട്ടും...
ദാട്സ് ഓള്‍...


അന്നൊക്കെ ഓണത്തിനോ വിഷുവിനോ, മാത്രമാണ് പുതിയ കുപ്പായം എടുക്കുന്ന പരിപാടി ഉള്ളൂ...
അമ്മക്ക് ബോണസ്‌ കിട്ടി വരുന്ന വഴി അമ്മക്ക് ഇഷ്ടപ്പെട്ട ഒരു തുണി ഇങ്ങു വാങ്ങും....അത് മിക്കവാറും സ്കൂളില്‍ പോകുമ്പോ യുണിഫോം ആയി കൂടി 
ഉപയോഗിക്കാന്‍ കഴിയുന്ന കാപ്പിയോ, കറുപ്പോ ആയിരിക്കും...


അതും വാങ്ങിച്ചു വരുന്ന അമ്മ വഴിക്ക് മേസ്രിയുടെ കടയില്‍ കേറും...എന്നിട്ട് ആ തുണി കൊടുക്കും...
"ഒരി പേന്‍റ് അടിക്കണം മേസ്രീ...., കുട്ടന്....ഒയെ പീടിയേല് വേരുമ്പോ ഇങ്ങള് അളവെടുതോ...."


അപ്പോള്‍ മെസ്രീന്റെ മറുപടിയാണ് കിടു


"കുട്ടനെല്ലേ....? അളവോന്നും ബെണ്ടപ്പ...ഓന ഞാന്‍ ദെവസോം കാണ്ന്നതെല്ലേ.....


അപ്പൊ അമ്മ:


"ഇങ്ങള് അടിക്കുമ്പോ കൊറച്ച് ബെല്താക്കി അടിച്ചോ മേസ്രീ......പിള്ളറ്‌ ബണ്ണം ബെക്ക്ന്നെല്ലേ....."


ആ ഡയലോഗ് ആണ് നമ്മടെ ഹൃദയം തകര്‍ക്കുക....


അങ്ങനെ ഏകാലവ്യനെ പോലെ മ്മടെ മെസ്രി എന്നെ മനസ്സില്‍ വിചാരിച്ചു പാന്‍റ് അടിക്കുകയാണ് സുഹൃത്തുക്കളെ.....


അങ്ങെനെ ഒടുവില്‍ ആ ദിവസം വന്നു ചേരും...


പണി പൂര്‍ത്തിയായി, നല്ല ചിരട്ട കത്തിച്ച ഇസ്തിരി ഒക്കെ വെച്ച് തേച്ച പാന്‍റ് വീട്ടിലേക്കു എത്തുകയാണ്....


അമ്മ പറഞ്ഞ പോലെ തന്നെ ഒരു ഒന്നൊന്നര സൈസ് ആയിരിക്കും ആയ പാന്‍റ്...


അര ഭാഗം പാതാളം പോലെ ഇരിക്കും (നമ്മള് തടിക്കുമല്ലോ....ലതിന്...!!!!!)


നീളം ഒരു പത്തി ഞ്ചു കൂടും....


പാന്റിന്റെ താഴ് ഭാഗം കാലിന്റെ നിട്ടെല്ലിനോട് ഇറുങ്ങി  ഇരിക്കും....


അങ്ങനെ വെള്ളപ്പൊക്കം വന്നത് പോലെ പാന്റ്നിറെ അറ്റം ആറു മടക്കും മടക്കി., അരഭാഗം ബെല്‍റ്റ്‌ (ചെലപ്പോ നാട!!!!!!!) കൊണ്ട് മുറുക്കി, ഫിഷേര്‍ എക്സ്ട്രായുടെ  തഴഞ്ഞു വെള്ള ലൈന്‍ കണ്ടു തുടങ്ങിയ  ഒരു സ്പന്ജിന്റെ ചെരുപ്പും ഇട്ടിട്ടു  ഒരു നടത്തം ഉണ്ട്.....


ഓണത്തിന് ചങ്ങായിമാരോക്കെ ഇതേ കോലത്തില്‍ ആയിരിക്കും (അനന്തന്‍ മേസ്രി ഒരു കോമണ്‍ ഫാക്റ്റ് ആണല്ലോ !!!!!ഹീ ഹീ ) എന്നത് കൊണ്ട് അതായിരുന്നു അന്നത്തെ ആഗോള സ്റ്റൈല്‍....


ഷര്‍ട്ട്‌ന്‍റെ കാര്യവും തീരെ വ്യത്യസ്തം അല്ല,,,,,


അച്ഛന്‍റെ അളവിനായിരിക്കും മിക്കവാറും ഷര്‍ട്ട്...


"ചെക്കന്‍ തടിക്കും മേസ്രീ ഇങ്ങള് ലൂസായിട്ട്‌ അടിച്ചോ "എന്ന് അച്ഛന്‍ പറഞ്ഞ പ്രകാരം മേസ്രി ഷര്‍ട്ട് ഒരു ഒന്നൊന്നര വ്യാപ്തി യില്‍ തന്നെ തുന്നും...
കൂട്ടത്തില്‍ ഒരു ടച്ചിംഗ്സ് പോലെ ഇറക്കവും ഒന്ന് കൂട്ടും....


ഷര്‍ട്ട് ആണോന്നു ചോദിച്ചാല്‍ അതെ എന്നും, ജുബ്ബ ആണോന്നു ചോദിച്ചാല്‍
അല്ല എന്ന് പറയാനും കഴിയില്ല എന്നാ അവസ്ഥ.....!!!!!!!!!!


അങ്ങനെ ഈ ഡബിള്‍ സൈസ് പാന്‍റും ഷര്‍ട്ടും ഒക്കെ ഇട്ടു വര്‍ഷങ്ങള്‍ അങ്ങ് പോയി...


അപ്പോഴാണ്‌ പൊയനാട് പുതിയ താരോദയം....


കുശാല്‍സ് എന്ന ബല്യ ബാര്‍പ്പ് ബീട്ടിലെ ചെക്കന്‍ സെനീര്‍ നമ്മടെ ചങ്ങായി ആകുന്നതു....


ഓന്റെ പേന്‍റ് കണ്ട് ഞങ്ങള് ഞെട്ടി...
ഷര്‍ട്ട് കണ്ട് തരിച്ചു.....


കാരണമെന്താ....?


ഓന്റെ പാന്റിന്റെ അടി ഭാഗം ഇറുങ്ങിയതല്ല..!!!!!!!!


ഡി ഡി ഫോറിലെ പഴയ പംഗ്രാസ്‌ മലയാളം സിനിമേല് ജയനും നസീറും എല്ലാം ഇടുന്ന "പാളപ്പാന്റ്റ്‌"....ബെല്‍ബോട്ടം...!!!!!!!!!!!!


ഓന്റെ ഷര്‍ട്ടോ...?


ദൈവമേ....


ഓന്റെ പൊക്ക് വരെയേ നീളമുള്ളൂ....പോരാത്തെനു ഓന ആയിന്റുള്ളില് ഇട്ടിട്ട് തുന്നിയപോലെ.....ഒട്ടി നിക്കുന്ന്......!!!!!!!!
കാലുമ്മല് ഷൂ.....
\
ഇതെന്ത് കുദരത്...????????


അങ്ങനെ മാറ്റത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയ സനീരിന്റെ പാത പിന്തുടര്‍ന്ന് ഞങ്ങളും ബെല്ബോട്ടവും ഷോര്‍ട്ട് ഷര്‍ട്ടും സ്വീകരിച്ചു...
കാലുമ്മല് ഷൂ ബന്നു.....പിന്നെ ചെരുപ്പും....


വീടുകളില്‍ ബോംബ്‌ വീണു....


പിള്ളേര്‍ക്ക്‌ പിരാന്താ....എത്ര ഷര്‍ട്ട്ന്‍റെ തുണിയാപ്പാ പിള്ളറ് ബെറ്തെ കളെന്നു....??????


അങ്ങനെ പോയി.....


കാലം പിന്നെയും അഞ്ചാം ഗിയറില്‍ മുന്നോട്ടു പോയി....


സനീര്‍ പിന്നേം മാറി,,,,,


അവന്റെ ഷര്‍ട്ട് ഇറങ്ങാന്‍ തുടങ്ങി....നീളം കൂടി വരുന്നു....


ഞങ്ങളും കൂട്ടി....


അവന്‍ പാന്റിന്റെ ബെല്‍ബോട്ടം വിസ്തീര്‍ണ്ണം കുറക്കാന്‍ തുടങ്ങി....
ആദ്യം വ്യാസം പതിനഞ്ചു ആയിരുന്നെങ്കില്‍ അത് പത്തായി കുറഞ്ഞു....


ഞങ്ങളും കുറച്ചു....


പാന്റിറെ അടിഭാഗം ഇറുകി ഇറുകി വരാന്‍ തുടങ്ങി...


അങ്ങനെ 2010  വന്നു...


ഒരുനാള്‍ സനീറിനെ കണ്ട ഞാന്‍ ഞെട്ടി...


"അടിഭാഗം ഇറുങ്ങിയ പാന്‍റ്"
മുട്ട് വരെയുള്ള ലൂസ് ഷര്‍ട്ട്
കാലില്‍ ചൊകര ചോന്ന ഒരു സ്പഞ്ചിന്റെ  ചെരുപ്പ്.....


ഇതെന്ത് പറ്റി സനീരെ...?
 എന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു...


ഇതാടാ ഇപ്പൊ ഫെഷന്‍...!!!!!!!!!!
ഇതാന്നു കുപ്പിപ്പാന്റ്റ്‌.....ഇന്റെ പഴേ പാന്‍റ് ഇങ്ങനെ ആക്കാ....ആള്‍ടെര്‍ ചെയ്താല് മതി......






ഞാന്‍ ഞെട്ടിയില്ല....


ഇതൊക്കെ എന്ത്....??/


സനീര്‍ ഫെഷന്‍ മാറ്റിയത് കൊണ്ട് നമ്മളും മാറ്റണ്ടേ...?


ബെല്‍ബോട്ടം പാന്‍റ് അടിക്കാന്‍ അറിയാതോണ്ട് അനന്തന്‍ മെസ്രീന്റെ കയ്യില്‍ ഇപ്പൊ വര്‍ഷങ്ങളായി ആരും തുണി കൊടുക്കാറില്ല....
ഫെഷന്‍ ഷര്‍ട്ട് അടിക്കാന്‍ അറിയാതോണ്ട് അതും....


പക്ഷെ ഇപ്പൊ സനീര്‍ ഇട്ടതോ...?



പണ്ട് അനന്തന്‍ മേസ്രി അടിച്ചു തരാറുള്ള ആ പഴയ കുപ്പിപ്പാന്റ്റ്‌....!!!
ആ ബല്യ ഷര്‍ട്ട്......!!!!!!!!


മേസ്രീ ഭൂമി ഉരുണ്ടത് തന്നെ....


നമ്മള്‍ ഇതാ ഇങ്ങളെ പീടിയെ തെന്നെ എത്തി......


അടിക്ക് ഒരു കുപ്പി ഉഷാറായിറ്റ്.......



















6/7/12

അയ്യോ രോഗികള്‍ ഒരുപാടുണ്ട്...!!!!!!!!!!!!!!!!


ആശുപത്രിയിലെ മുറിയില്‍ ഇരുന്നാല്‍ പുറത്തു മഴ പെയ്യുന്നത് കാണാം...
ചേലോറ സ്കൂളിലേക്ക് രാവിലെ കുട്ടികള്‍ മഴയെ മുറിച്ചു നീങ്ങുന്നതും.
ചെറിയകുട്ടികളൊക്കെ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്, വലിയബാഗൊക്കെ തോളില്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും നനഞ്ഞു കുളിക്കുന്നുണ്ട്...
മിക്ക കുടകളുടെ അടിയിലും നാലും ആറും കാലുകള്‍..
സ്വന്തം കുട കറക്കി മറ്റുള്ളവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നവര്‍ ഒരു ഭാഗത്ത്‌.....
കടയുടെ വരാന്തയില്‍ നിന്നും ഒറ്റയാന്‍ കുടയുടെ അടിയിലേക്ക് ചേക്കേറുന്ന വിരുതന്മാര്‍.....
ഓര്‍മയിലേക്ക് വന്നത് നനവിലൂടെ അരിച്ചിറങ്ങുന്ന ആ പഴയ സൌഹൃദത്തിന്‍റെ ചൂടാണ്.....
മഴ നനഞ്ഞു വന്നു ബെഞ്ചിന്റെ അറ്റത്ത് ആര്‍ക്കോ ഇരിക്കാനുള്ള സ്ഥലവും വിട്ടു ഒട്ടിച്ചേര്‍ന്നിരുന്ന്‍ സൌഹൃദത്തിന്റെ ചൂട് കാഞ്ഞത്...
മലവെള്ളപ്പാച്ചില്‍ പോലെ വെള്ളം ഓടയിലൂടെ ഒഴുകുന്നത്‌ അതിശയത്തോടെ പറഞ്ഞത്....
സ്കൂളിന്റെ മുറ്റത്ത്‌ കെട്ടി നിന്ന വെള്ളത്തില്‍ നാരാണന്‍ മാഷ്‌ കാണാതെ തോണി ഇറക്കിയത്....
അപ്പുറത്തെ ക്ലാസിലെ ജുബൈരിയയുടെ ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന തൊപ്പി ഉള്ള കളര്‍ കുട അസൂയയോടെ നോക്കിയത്....
"അന്‍റെ വീട്ടില് ഇങ്ങനത്തെ കോടയ്ണ്ട് , ഞാന്‍ എടുക്കായിട്ടാന്നു" എന്ന് വീമ്പ് പറഞ്ഞത്.....
വൈകിട്ട് ഫാഷനബിള്‍ ബെകറിയില്‍ നിന്നും പലബിസ്ക്കറ്റ് എന്ന കണ്ണൂരില്‍ മാത്രം ഞാന്‍ കണ്ട പാവപ്പെട്ടവന്‍റെ ബിസ്കറ്റ്‌ വാങ്ങിയുള്ള യാത്ര.....






അയ്യോ!!!!!!! ഇങ്ങനെ ഓരോന്ന് ഓര്‍മിക്കാന്‍ പറ്റിയ സമയം....
മഴയാണ്....കേരളമാണ്....പനിയുണ്ടാകും...നേഴ്സ് അല്ലെ....?
ദേ രോഗികള്‍....
ഇനി ഇത്തിരി തിരക്കാണ്,,,,

6/3/12

യാത്രാമംഗളം

ഇനിയൊരര്‍ദ്ധദിനം കൂടി.......
ഇനിയില്ല നമ്മള്‍.....
നീയും നിന്‍റെപാതിയും.....
ഞാനൊറ്റയും.........
വിട.....

വാക്കുകള്‍ സമരത്തിലാണ്.....

നിന്നെ സ്നേഹിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍ ഉണ്ടായിരുന്നു,,,
നിന്‍റെ മുടി, കണ്ണുകള്‍ , ചിരി, വാക്ക്, നോട്ടം അങ്ങനെ എല്ലാമെല്ലാം.....

പക്ഷെ, എന്‍ പ്രിയ നക്ഷത്രമേ നിന്നെ മറക്കാന്‍, നിന്‍റെ വേരറുത്തുണ്ടായ ഹൃദയത്തിലെ മുറിവിന്‍റെ നീറ്റലല്ലാതെ മറ്റൊന്നുമില്ലെനിക്ക്....

പക്ഷെ അതും എനിക്ക് നല്‍കുന്നത് ആയിരം ഓര്‍മ്മകള്‍ ആണ്,,,
ഇടയ്ക്കിടെയുള്ള നീറ്റല്‍ ഒരു സുഖമാണ്...

എത്രയോ കാലം അനുഭവിച്ചറിഞ്ഞ നിന്‍റെ സ്നേഹം പോലെ....

ജീവനായിരുന്നില്ല നീ....ജീവിതമായിരുന്നു എനിക്ക്.......

എന്‍റെ പ്രണയനക്ഷത്രം....





എന്‍റെ പ്രണയാകാശത്തുദിച്ച -

പ്രിയ നക്ഷത്രമേ.....

നീയൊരു തമോഗര്‍ത്തമായെന്നെ -

ആവാഹിക്ക.....

നിന്‍റെ വജ്രശോഭയാലെന്‍ ഹൃദയം

മുറിവേറ്റിരിക്കുന്നു....

മറ്റെതാകാശത്ത് പോയുദിച്ചാലുമെന്‍-

ഹൃദയരക്തം നിനക്കരുണാഭ നല്‍കും.....

മൂര്‍ദ്ധാവ്തുളച്ചായുസ്സ് പോകുമ്പോഴും-
നിനക്കായിഒരാകാശം ഞാന്‍ കാത്തുവെക്കും...
എന്നെങ്കിലും നിന്നുദയവും കാത്ത്....

5/29/12

ബലരാമന്‍ കമ്മിറ്റിറിപ്പോര്‍ട്ട്‌ അഥവാ ഒരു വിലാപ കാവ്യം...

എന്തൊക്കെയായിരുന്നു...?
മലപ്പുറം കത്തി.....ബലരാമന്‍ റിപ്പോര്‍ട്ട്‌.......അമ്പതിനായിരം ശമ്പളം.....
ഒടുവിലോ...? പവനായി ശവമായി ..........

അല്ലേലും അതങ്ങനെയാണ്....? ലോകത്തിലെ ഏക സോഷ്യലിസ്റ്റ്‌ ആയ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ , ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ആയ യേശുവിനെ കുരിശില്‍ തറച്ച ഈ ലോകത്തില്‍ നിന്നും ഒരുപാട് നീതിയൊന്നും ഒരു മാന്യദേഹവും പ്രതീക്ഷിക്കണ്ടാ,,,,,

സ്വകാര്യആശുപത്രികളില്‍ പതിറ്റാണ്ടായി അടിമത്തത്തിന്റെ കറയും പുരണ്ടു ജീവിച്ചിരുന്ന നേഴ്സ്മാര്‍ ശബ്ദിക്കാന്‍ തുടങ്ങിയിട്ട്  ആറു മാസങ്ങള്‍ തികയുന്നു....ഒരുപാട് നീര്‍ക്കൊലികളെ അടിച്ചും ചവിട്ടിയും നമ്മള്‍ ഇന്ന് കയറി നില്‍ക്കുന്നത് ശരിക്കും ഒരു വിജയ തീരത്ത് തന്നെയാണ് എന്നാ കാര്യത്തില്‍ സംശയമില്ല....

നേഴ്സ്മാരുടെ പ്രശ്നങ്ങള്‍ സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ആയി കണ്ടു ഓടിച്ചാടി നടന്നു പരിഹാരം കണ്ട ഷിബു മന്ത്രിയും തന്റെ പുലി വേഷം നന്നായി അഭിനയിച്ചു,,,,കൂട്ടത്തില്‍ കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍റെ പഴയ സാരഥി ബലരാമന്‍ സാറിനിട്ടൊരു പണിയും കൊടുത്തു.....നേഴ്സ്മാരുടെ പ്രശ്നം പഠിക്കുക.....കൂടെ നഴ്സിംഗ് മേഘലയിലെ കുറെ പുലികളും....അങ്ങനെ പതിനാലു ജില്ലകളിലും തെളിവെടുപ്പ് നാടകം നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടി,,,,,

പരാതികളുടെ പ്രളയം.....പോട്ടിക്കരചിലുകള്‍, വിതുമ്പല്‍,കൂട്ടക്കരച്ചിലുകള്‍....അപ്പനും അമ്മയും നേഴ്സ്മക്കളും കൂടിയുള്ള ഫാമിലിപാക്ക് കരച്ചില്‍ തുടങ്ങി പൂരത്തോട് പൂരം....

അങ്ങനെ കൊടുത്ത മൂന്നു മാസം ഉഷാരായിട്ടങ്ങു പോയി....ഇങ്ങനെ ഒരു കമ്മീഷന്‍ വെച്ചത് കാരണം, ലേബര്‍ഓഫീസില്‍ വെച്ച് ഇനി സേവന-വേതന വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനം വേണ്ട എന്നാ രീതിയില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശവും ലഭിച്ചു......


ചിക്കാഗോയില്‍ എട്ടു മണിക്കൂര്‍ ജോലിക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കി ആഘോഷിക്കുന്ന മെയ്‌ ദിന പുലരിയില്‍, ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ഭൂജാതനായി.....

നഴ്സിംഗ് സമരങ്ങളെ പിന്‍ പേജില്‍ ഒതുക്കിയ മനോരമ വരെ "നേഴ്സ് മാര്ര്‍ക്ക് 13000 ശമ്പളം എന്നും പറഞ്ഞു വെണ്ടയ്ക്ക ഒന്നാം പേജില്‍ നിരത്തി.....

ഇത് കേട്ട നാട്ടുകാര് ചോദിയ്ക്കാന്‍ തുടങ്ങി...

'ആ മക്കളെ കോളടിച്ചല്ലോ....? ചെലവുണ്ട്  കേട്ടാ...."

ഉള്ളിലെ കാര്യം അള്ളാക്കറിയാം എന്ന് പറയുന്ന പോലെ മ്മക്ക് മ്മടെ കാര്യം കഷ്ടം തന്നെ,,,,

നേഴ്സ്മാരുടെ പ്രശ്നം പഠിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബലരാമന്‍ കമ്മിറ്റി അവസാനം ശമ്പളവും , ബോണസുമൊക്കെ നിര്‍ദേശിച്ചത് എമാന്മാര്‍ക്ക് അത്ര പിടിച്ചില്ല.....

ഉണ്ടാക്കിയ മകനെ തള്ളിപ്പറയുന്ന ലാഘവത്തോടെ 
"ബലരാമന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക് ബാധ്യത ഇല്ല" എന്ന് ഷിബു അണ്ണന്‍ പറഞ്ഞു.....
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും....എന്ന് പണ്ടാരോ പറഞ്ഞ പോലെ ബലരാമന്‍ റിപ്പോര്‍ട്ട്‌ പുക മണക്കുമെന്നു ഏകദേശം ഉറപ്പായി.....

അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ ഇന്നലെ (28.05.2012)  സര്‍ക്കാര്‍ വക നേഴ്സ്മാര്‍ക്ക് ഒരു ഒന്നൊന്നര സമ്മാനം.....

ബലരാമന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണോ എന്ന് തീരുമാനിക്കാന്‍ ഒരു വ്യവസായ ബന്ധ സമിതി വെക്കുന്നു.....

ഇരുപതു അംഗങ്ങള്‍.....

അതിലെ മുഖ്യ ആകര്‍ഷണം ആയി നമ്മള്‍ കണ്ടത് രണ്ടു വസ്തുതകള്‍...

ഒന്ന് ഇതിന്‍റെ കാലാവധി വെറും രണ്ടു വര്‍ഷം പോരാതെയോ....?
ഇരുപതു പേരില്‍ നേഴ്സ് എന്ന് പറയാന്‍ ഒരാള്‍ മാത്രം....? തൊഴിലാളി പ്രതിനിധിയായി ഹൈബി ഈടെന്‍ എം എല്‍ എ....

ചിരിക്കാതെ എന്ത് ചെയ്യണം...?

ഈ പറയുന്ന കൊപ്പനോക്കെ പണ്ടും ഇവിടൊക്കെ തന്നെ ഉണ്ടാരുന്നില്ലേ...?

അന്നും നേഴ്സ്മാര്‍ കഷ്ടപ്പെടുന്നുല്ലേ....?

രണ്ടു വര്‍ഷം കൊണ്ട് സ്വകാര്യ മാനേജ്മെന്റ്കള്‍ എത്ര നേതാവിനെ വിലക്കെടുക്കും എന്ന് കാണാം....

പിന്നെ നമ്മള്‍ നേഴ്സ്മാര്‍ ഇതൊക്കെ കണ്ടു രണ്ടു വര്‍ഷംവരെ മിണ്ടാതിരിക്കും എന്ന് ഏതെന്കിലും ഒരുത്തന്‍ കരുതിയെങ്കില്‍ തെറ്റി മക്കളേ തെറ്റി,,,,,

പോരാട്ടം തുടരുക തന്നെ ചെയ്യും.....

വരുന്ന ജൂണ്‍ 13 നു ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട്  ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ , നിയമസഭവളയുന്നു.....നീതിയുടെ പോരാട്ടത്തില്‍ അണിചെരൂ.......

5/15/12

എന്നെ ഒന്ന് രാഷ്ട്രപതി ആക്കൂ......പ്ലീസ്....


         ഏറെ കാലം ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആയിരുന്ന എ കെ ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, "ഏറ്റവും സുഖമുള്ള ജോലിയാണ് എം പി ആയിരിക്കുക " എന്ന്, സര്‍ക്കാര്‍ നല്‍കുന്ന സൌകര്യങ്ങള്‍ എത്രമാത്രം വലുതാണ്‌ എന്നും ആഡംബരമാണ് എന്നും ജനങ്ങള്‍ മനസിലാക്കിയത് ആ വാക്കുകളിലൂടെ ആണ്...

            നമ്മുടെ രാജ്യത്തെ പരമോന്നത പദവി ആണ് രാഷ്ട്രപതിസ്ഥാനം....
നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ആ സ്ഥാനം അലങ്കരിചിട്ടുമുണ്ട്


        ജനാധിപത്യരാജ്യം എന്നാ നിലയില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന പാര്‍ലിമെന്റ്നാണ് ഭരണ നിര്‍വഹണം നടത്തുന്നത് എങ്കിലും പരമോന്നത പദവി കല്‍പ്പിച്ചിരിക്കുന്നത് രാഷ്ട്രപതിക്കാണ് എന്നത് നമുക്കറിയാം.

           കക്ഷി രാഷ്ട്രായത്തിലെ വൈജാത്യങ്ങള്‍ കാരണവും, പരമോന്നത പദവിക്ക് കക്ഷി രാഷ്ട്രീയത്തിനപ്പുറം ഒരു ചിന്ത ഉണ്ടാവണം എന്നുമുള്ള സങ്കല്‍പ്പത്തിന്‍റെയും അടിസ്ഥാനത്തിലാണ്, ഇന്ത്യയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താറ്.

ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ സ്ഥാനത്തേക്ക് മത്സരിപ്പിക്കം എന്ന നിയമം ഉണ്ടെങ്കിലും സമവായത്തിലൂടെ രാഷ്ട്രപതിയെ കണ്ടെത്തല്‍ ആണ് മിക്കവാറും തെരഞ്ഞെടുപ്പുകളില്‍ നടന്നിട്ടുള്ളത്.

Dr: രാജേന്ദ്രപ്രസാദ്‌, ഫക്രുദീന്‍ അലി അഹമദ്‌, ഗ്യാനി സെയില്‍ സിംഗ്,ആര്‍ വെങ്കട്ടരാമന്‍,ശങ്കര്‍ദയാല്‍ ശര്‍മ എന്നിവര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ചവര്‍ ആണെങ്കില്‍, മറ്റുള്ളവരില്‍ dr കെ എസ് രാധാകൃഷ്ണന്‍ ,കെ ആര്‍ നാരായണന്‍ തുടങ്ങി പലരും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആയിരുന്നെങ്കിലും സമവായത്തിലൂടെ രാഷ്ട്രപതി ആയവര്‍ ആണ്.


ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം,


ഈയിടെ നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ഇടയ്ക്കിടെ പത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്,


മുന്‍പത്തെ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈലുകളുടെ യും, ബഹിരാകാശ നേട്ടങ്ങളുടെയും പിതാവായ എ പി ജെ അബ്ദുള്‍കലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്  ഇന്ത്യയെ , ഇന്ത്യയുടെ യുവതയെ അഗ്നിച്ചിറകുകള്‍ ഉള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചുകൊണ്ടായിരുന്നു.


പിന്നീട് എല്ലാ കക്ഷികളും ഒന്നായി തെരഞ്ഞെടുത്ത   പ്രതിഭാ സിംഗ് പാട്ടീല്‍ ഇന്ത്യയില്‍ ആദ്യത്തെ വനിതാ രാഷ്ട്രപതി  ആയി....


" ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി വേണ്ടുവോളം ഉള്ള ഒരു വ്യക്തിത്വം ആണ്
ശ്രീമതി പ്രതിഭാ പാട്ടീല്‍...


അവരെ കേവലമായ അഴിമതി ആരോപണം കൊണ്ടൊന്നും തളര്‍ത്താന്‍ ആവില്ല....

അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാം....


ഒന്നാമത്തെ ആരോപണം


"വിദേശയാത്രകളില്‍ കുടുബത്തെ കൂടെക്കൂട്ടി"


മറുപടി :ഒരു സ്ത്രീക്ക്  ഏറ്റവും വിലപ്പെട്ടത് മക്കളും മക്കടെ മക്കളും ഒക്കെ ആണ്....
വിദേശയാത്രയാണ്, രാഷ്ട്രപതിയാണ്, രാജ്യത്തിന്‍റെ പണമാണ് ചെലവാകുന്നത് , എന്നൊക്കെ പറഞ്ഞാലും ഇവരെയൊക്കെ മറക്കാന്‍ പറ്റുമോ....?

ഇല്ലാ....


ലത് കൊണ്ടാണ് ഈയമ്മ രാഷ്ട്രപതി സന്ദര്‍ശനത്തിനെന്നും പറഞ്ഞു  പോയ ഇരുപതു രാജ്യങ്ങളിലും ഈ പറഞ്ഞസാധനങ്ങളെയൊക്കെ കൂടെ കൂട്ടിയത്....
വെറും 205 കോടി മുടക്കിയാണ് ഇത്രേം ബെല്ല്യക്കാട്ട് സംഭവം നടത്തിയത്.....അതും കയ്യിന്നാണോ....?
ഏയ്‌.....
പെട്രോള്‍ വില, അരിവില, തുടങ്ങി മൂക്കില്‍ വെക്കുന്ന പഞ്ഞിക്ക് വരെ വിലയും നികുതിയും കൂട്ടി അടുക്കി വെച്ചിരിക്കുന്ന ഇന്ത്യന്‍ പണപ്പണ്ടാരത്തില്‍ നിന്നും ഒന്ന് കയ്യിട്ടു വാരിയതാണ്....

രണ്ടാമത്തെ ആരോപണം 

"പിരിഞ്ഞ ശേഷം താമസിക്കാന്‍ ആഡംബര വീട് പണിഞ്ഞു "


മറുപടി
 ആരാ ഈ രാഷ്ട്രപതി.....?
രാജ്യത്തിന്റെ പതി...സ്ത്രീ ആയത് കൊണ്ട് പ്രഥമവനിത എന്ന് പറയാം....
അതായത് ഇന്ത്യാ മഹാരാജ്യത്തിലെ ഒന്നാം നമ്പര്‍ വനിത....


ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാജ്യത്തെ പ്രഥമവനിത എന്ന് വെച്ചാല്‍ പുലിയല്ലേ പുലി.....
ആയമ്മ ഇപ്പൊ താമസിക്കുന്ന രാഷ്ട്രപതി ഭവന്‍ തന്നെ ഒരു പുലിമട ആണ്....
ബ്രിട്ടീഷ്‌ ശില്പ കലയുടെ ചാരുത നിറഞ്ഞു നിക്കുന്ന ഡല്‍ഹിയിലെ രയ്സിന കുന്നിലെ പണ്ടത്തെ വൈസ്രോയിയുടെ കൊട്ടാരം....


ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനും നുമ്മടെ ആണ് എന്ന് പറയുമ്പോള്‍ ആണ് അതിന്റെ ഗുട്ടന്‍സ്‌ നുമ്മ മലയാളീസിന് മനസിലാകണതു,,,,


യേത്.....


ഇത്രേം ബെല്ല്യക്കാട്ട് പൊരക്കു അഞ്ചു കൊല്ലം താമസിക്കുന്ന നമ്മടെ പ്രതിഭാമ്മ അടിത്തൂണ്‍ പറ്റിയാല്‍ എവിടെ താമസിക്കണം എന്നാണു ഈ ബ്ലഡീ മാധ്യമ സിണ്ടിക്കേറ്റ് പറയുന്നത്.....?


അവര് വല്ല വാടകവീട്ടിലും പോയി നിന്നാല്‍ ആര്‍ക്കാ അതിന്റെ ദോഷം....?
ഉത്തര്‍പ്രദേശിലെ ചോളം കൃഷി ചെയ്യുന്ന മുക്കന്ദര്‍ സിങ്ങിന് വരെ അത് നാണക്കേട് അല്ലെ....?


അത് കൊണ്ടാണ് ആയമ്മയോടു സര്‍ക്കാര്‍ പറഞ്ഞത് ഇങ്ങള് ഒര് ബീട് എട്തോളീന്നു.....


കേക്കണ്ട താമസം ഒരൊന്നൊന്നര വീട് തെന്നെ ഓര് പൊക്കി....
അനുവദിച്ച സ്ഥലം ഒന്നും നോക്ക്യില്ല....


രാഷ്ട്രപതിക്കെന്തു അതിര്‍ത്തി.....ഫൂ......


ഇതും വിവാദമാക്കുകയാണ് ബ്ലഡീ മീഡിയാസ്.....


ഇനി ഷിനോജിസത്തിലേക്ക്.......


എന്ത് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നത്....?


രാജ്യത്തെ നൂറു കോടിയോളം വരുന്ന ദാരിദ്രനാരായണന്മാരുടെ വിയര്‍പ്പ് കുറുക്കി ഉപ്പുണ്ടാക്കി വിറ്റ് പോലും ലാഭം കൊയ്യ്തു സപ്രമഞ്ചകട്ടിലില്‍ ആകാശം നോക്കി കിടക്കുന്നതാണ് ജനാധിപത്യം എന്ന് കരുതുന്ന കുറെ ശതകോടീശ്വരന്മാര്‍ ഭരണയന്ത്രം തിരിക്കുന്ന നമ്മുടെ രാജ്യത്ത്‌ ഇതൊക്കെ എന്ത്....?


 മരിച്ചു പോയ ഗുരുവിനെ ഹിമാലയത്തില്‍ വച്ച്കണ്ടു എന്ന് പറഞ്ഞു രാജ്യത്തെ നാണം കെടുത്തിയ പ്രഥമ വനിത, ......


കോണ്‍ഗ്രസ്‌ എം എല്‍ എ ആയ മകന്‍റെ മണ്ഡലത്തില്‍ ഉദ്ഗാടനതിനു പോയ രാഷ്ട്രപതി....


പിന്നെ സ്വന്തം പേരില്‍ പഞ്ചാര മില്ലും, സഹകരണ ബാങ്കും ഒക്കെ തുടങ്ങി നമ്മെ വിസ്മയിപ്പിച്ച പ്രഥമവനിത.......


രാഷ്ട്രീയക്കാര്‍ രാഷ്ട്രപതി ആവണം എന്നാണ് എന്‍റെ അഭിപ്രായം....
അല്ലെങ്കില്‍ പൊതുജനങ്ങളെ പറ്റി, നാളയെ പറ്റി സ്വപ്നം കാണാന്‍ കഴിവുള്ള കലാമിനെ പോലെ ഉള്ളവര്‍.......


രസഗുള


രാഷ്ട്രപതിയുടെ ലോക സഞ്ചാരം സി ഡി ആകുന്നു.....

"പ്രതിഭാ സഞ്ചാരം"
കോപ്പികള്‍ ഉറപ്പാക്കുക.

5/8/12

എന്‍റെ പ്രണയ മരം











ഹൃദയം നനഞ്ഞു കുതിര്‍ന്ന ഒരു പുലരിയിലാണ് അവള്‍ ആദ്യമായി വന്നത് ,,,അതുകൊണ്ടാവാം, പെട്ടെന്ന് തന്നെ അവള്‍ക്ക് പ്രണയത്തിന്‍റെ വിത്ത് അതിലേക്കു അമര്‍ത്തി ഇറക്കാന്‍ കഴിഞ്ഞു,,,,നിര്‍ജീവമായ പകലുകള്‍ക്ക് പുതിയ മാനം കൈ വന്ന പോലെ ....കിനിഞ്ഞു പെയ്ത മറ്റൊരു മഴയില്‍ ആ വിത്ത് ഒന്നനങ്ങി , ഉണര്‍ന്നു പിന്നെ പുറത്തേക്കു നോക്കി .....
കളനാശിനികള്‍ ഒരുപാട് ഉള്ളത് കൊണ്ടാവാം ആരും കാണാതെ ഞാന്‍ അതിനെ ഒളിച്ചു വച്ചത് ..............വെള്ളമൊഴിച്ചത് പോലും ആരും കാണാതെ      




 ,,,,,,, ഇലകള്‍ വന്നപ്പോഴും ആദ്യത്തെ പൂവിട്ടപ്പോഴും ഞാന്‍ മാത്രമേ കണ്ടുള്ളൂ .........
ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും വേരുകളിലൂടെ അത് പ്രണയം വലിച്ചെടുക്കുമ്പോള്‍.....അത് തീര്‍ന്നു പോവുമോ എന്നതായിരുന്നു എന്‍റെ ഭയം ........പക്ഷെ കൊതിച്ചത് നടത്തി തരുന്ന സ്നേഹമയിയല്ല ജീവിതം എന്ന തിരിച്ചറിവില്‍ അവള്‍ ഇലകള്‍ പൊഴിച്ച് എന്‍റെ ഹൃദയത്തോട് യാത്ര പറഞ്ഞു ....
ആഴത്തില്‍ പോയ വേരുകള്‍ പറിഞ്ഞു രക്തം വന്നപ്പോള്‍ , വേദന കൊണ്ട് ഞാന്‍ കരഞ്ഞപ്പോള്‍ , ചോദിച്ചവരോട് ഞാന്‍ പറഞ്ഞ സത്യത്തിനു കളവിന്റെ വില പോലുമുണ്ടായിരുന്നില്ല കാരണം അവര്‍ ആ മരം കണ്ടിരുന്നില്ല ....വിത്തോ, ഇലകളോ പൂവുകളോ ഒന്നും.....ഇല്ലാത്ത മരത്തിന്റെ കഥകള്‍ എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ എനിക്കും തോന്നി ശരിയാണ് അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല സമ്മതിക്കാം പക്ഷെ ഒന്ന് ചോദിച്ചോട്ടെ ...
.     
       ഈ രക്തമൊലിക്കുന്ന ഹൃദയമോ.....



ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....