ആവശ്യമുള്ളതില്‍ കുത്തിക്കോ...

5/29/12

ബലരാമന്‍ കമ്മിറ്റിറിപ്പോര്‍ട്ട്‌ അഥവാ ഒരു വിലാപ കാവ്യം...

എന്തൊക്കെയായിരുന്നു...?
മലപ്പുറം കത്തി.....ബലരാമന്‍ റിപ്പോര്‍ട്ട്‌.......അമ്പതിനായിരം ശമ്പളം.....
ഒടുവിലോ...? പവനായി ശവമായി ..........

അല്ലേലും അതങ്ങനെയാണ്....? ലോകത്തിലെ ഏക സോഷ്യലിസ്റ്റ്‌ ആയ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ , ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ആയ യേശുവിനെ കുരിശില്‍ തറച്ച ഈ ലോകത്തില്‍ നിന്നും ഒരുപാട് നീതിയൊന്നും ഒരു മാന്യദേഹവും പ്രതീക്ഷിക്കണ്ടാ,,,,,

സ്വകാര്യആശുപത്രികളില്‍ പതിറ്റാണ്ടായി അടിമത്തത്തിന്റെ കറയും പുരണ്ടു ജീവിച്ചിരുന്ന നേഴ്സ്മാര്‍ ശബ്ദിക്കാന്‍ തുടങ്ങിയിട്ട്  ആറു മാസങ്ങള്‍ തികയുന്നു....ഒരുപാട് നീര്‍ക്കൊലികളെ അടിച്ചും ചവിട്ടിയും നമ്മള്‍ ഇന്ന് കയറി നില്‍ക്കുന്നത് ശരിക്കും ഒരു വിജയ തീരത്ത് തന്നെയാണ് എന്നാ കാര്യത്തില്‍ സംശയമില്ല....

നേഴ്സ്മാരുടെ പ്രശ്നങ്ങള്‍ സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ആയി കണ്ടു ഓടിച്ചാടി നടന്നു പരിഹാരം കണ്ട ഷിബു മന്ത്രിയും തന്റെ പുലി വേഷം നന്നായി അഭിനയിച്ചു,,,,കൂട്ടത്തില്‍ കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍റെ പഴയ സാരഥി ബലരാമന്‍ സാറിനിട്ടൊരു പണിയും കൊടുത്തു.....നേഴ്സ്മാരുടെ പ്രശ്നം പഠിക്കുക.....കൂടെ നഴ്സിംഗ് മേഘലയിലെ കുറെ പുലികളും....അങ്ങനെ പതിനാലു ജില്ലകളിലും തെളിവെടുപ്പ് നാടകം നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടി,,,,,

പരാതികളുടെ പ്രളയം.....പോട്ടിക്കരചിലുകള്‍, വിതുമ്പല്‍,കൂട്ടക്കരച്ചിലുകള്‍....അപ്പനും അമ്മയും നേഴ്സ്മക്കളും കൂടിയുള്ള ഫാമിലിപാക്ക് കരച്ചില്‍ തുടങ്ങി പൂരത്തോട് പൂരം....

അങ്ങനെ കൊടുത്ത മൂന്നു മാസം ഉഷാരായിട്ടങ്ങു പോയി....ഇങ്ങനെ ഒരു കമ്മീഷന്‍ വെച്ചത് കാരണം, ലേബര്‍ഓഫീസില്‍ വെച്ച് ഇനി സേവന-വേതന വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനം വേണ്ട എന്നാ രീതിയില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശവും ലഭിച്ചു......


ചിക്കാഗോയില്‍ എട്ടു മണിക്കൂര്‍ ജോലിക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കി ആഘോഷിക്കുന്ന മെയ്‌ ദിന പുലരിയില്‍, ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ഭൂജാതനായി.....

നഴ്സിംഗ് സമരങ്ങളെ പിന്‍ പേജില്‍ ഒതുക്കിയ മനോരമ വരെ "നേഴ്സ് മാര്ര്‍ക്ക് 13000 ശമ്പളം എന്നും പറഞ്ഞു വെണ്ടയ്ക്ക ഒന്നാം പേജില്‍ നിരത്തി.....

ഇത് കേട്ട നാട്ടുകാര് ചോദിയ്ക്കാന്‍ തുടങ്ങി...

'ആ മക്കളെ കോളടിച്ചല്ലോ....? ചെലവുണ്ട്  കേട്ടാ...."

ഉള്ളിലെ കാര്യം അള്ളാക്കറിയാം എന്ന് പറയുന്ന പോലെ മ്മക്ക് മ്മടെ കാര്യം കഷ്ടം തന്നെ,,,,

നേഴ്സ്മാരുടെ പ്രശ്നം പഠിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബലരാമന്‍ കമ്മിറ്റി അവസാനം ശമ്പളവും , ബോണസുമൊക്കെ നിര്‍ദേശിച്ചത് എമാന്മാര്‍ക്ക് അത്ര പിടിച്ചില്ല.....

ഉണ്ടാക്കിയ മകനെ തള്ളിപ്പറയുന്ന ലാഘവത്തോടെ 
"ബലരാമന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക് ബാധ്യത ഇല്ല" എന്ന് ഷിബു അണ്ണന്‍ പറഞ്ഞു.....
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും....എന്ന് പണ്ടാരോ പറഞ്ഞ പോലെ ബലരാമന്‍ റിപ്പോര്‍ട്ട്‌ പുക മണക്കുമെന്നു ഏകദേശം ഉറപ്പായി.....

അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ ഇന്നലെ (28.05.2012)  സര്‍ക്കാര്‍ വക നേഴ്സ്മാര്‍ക്ക് ഒരു ഒന്നൊന്നര സമ്മാനം.....

ബലരാമന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണോ എന്ന് തീരുമാനിക്കാന്‍ ഒരു വ്യവസായ ബന്ധ സമിതി വെക്കുന്നു.....

ഇരുപതു അംഗങ്ങള്‍.....

അതിലെ മുഖ്യ ആകര്‍ഷണം ആയി നമ്മള്‍ കണ്ടത് രണ്ടു വസ്തുതകള്‍...

ഒന്ന് ഇതിന്‍റെ കാലാവധി വെറും രണ്ടു വര്‍ഷം പോരാതെയോ....?
ഇരുപതു പേരില്‍ നേഴ്സ് എന്ന് പറയാന്‍ ഒരാള്‍ മാത്രം....? തൊഴിലാളി പ്രതിനിധിയായി ഹൈബി ഈടെന്‍ എം എല്‍ എ....

ചിരിക്കാതെ എന്ത് ചെയ്യണം...?

ഈ പറയുന്ന കൊപ്പനോക്കെ പണ്ടും ഇവിടൊക്കെ തന്നെ ഉണ്ടാരുന്നില്ലേ...?

അന്നും നേഴ്സ്മാര്‍ കഷ്ടപ്പെടുന്നുല്ലേ....?

രണ്ടു വര്‍ഷം കൊണ്ട് സ്വകാര്യ മാനേജ്മെന്റ്കള്‍ എത്ര നേതാവിനെ വിലക്കെടുക്കും എന്ന് കാണാം....

പിന്നെ നമ്മള്‍ നേഴ്സ്മാര്‍ ഇതൊക്കെ കണ്ടു രണ്ടു വര്‍ഷംവരെ മിണ്ടാതിരിക്കും എന്ന് ഏതെന്കിലും ഒരുത്തന്‍ കരുതിയെങ്കില്‍ തെറ്റി മക്കളേ തെറ്റി,,,,,

പോരാട്ടം തുടരുക തന്നെ ചെയ്യും.....

വരുന്ന ജൂണ്‍ 13 നു ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട്  ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ , നിയമസഭവളയുന്നു.....നീതിയുടെ പോരാട്ടത്തില്‍ അണിചെരൂ.......

5/15/12

എന്നെ ഒന്ന് രാഷ്ട്രപതി ആക്കൂ......പ്ലീസ്....


         ഏറെ കാലം ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആയിരുന്ന എ കെ ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, "ഏറ്റവും സുഖമുള്ള ജോലിയാണ് എം പി ആയിരിക്കുക " എന്ന്, സര്‍ക്കാര്‍ നല്‍കുന്ന സൌകര്യങ്ങള്‍ എത്രമാത്രം വലുതാണ്‌ എന്നും ആഡംബരമാണ് എന്നും ജനങ്ങള്‍ മനസിലാക്കിയത് ആ വാക്കുകളിലൂടെ ആണ്...

            നമ്മുടെ രാജ്യത്തെ പരമോന്നത പദവി ആണ് രാഷ്ട്രപതിസ്ഥാനം....
നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ആ സ്ഥാനം അലങ്കരിചിട്ടുമുണ്ട്


        ജനാധിപത്യരാജ്യം എന്നാ നിലയില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന പാര്‍ലിമെന്റ്നാണ് ഭരണ നിര്‍വഹണം നടത്തുന്നത് എങ്കിലും പരമോന്നത പദവി കല്‍പ്പിച്ചിരിക്കുന്നത് രാഷ്ട്രപതിക്കാണ് എന്നത് നമുക്കറിയാം.

           കക്ഷി രാഷ്ട്രായത്തിലെ വൈജാത്യങ്ങള്‍ കാരണവും, പരമോന്നത പദവിക്ക് കക്ഷി രാഷ്ട്രീയത്തിനപ്പുറം ഒരു ചിന്ത ഉണ്ടാവണം എന്നുമുള്ള സങ്കല്‍പ്പത്തിന്‍റെയും അടിസ്ഥാനത്തിലാണ്, ഇന്ത്യയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താറ്.

ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ സ്ഥാനത്തേക്ക് മത്സരിപ്പിക്കം എന്ന നിയമം ഉണ്ടെങ്കിലും സമവായത്തിലൂടെ രാഷ്ട്രപതിയെ കണ്ടെത്തല്‍ ആണ് മിക്കവാറും തെരഞ്ഞെടുപ്പുകളില്‍ നടന്നിട്ടുള്ളത്.

Dr: രാജേന്ദ്രപ്രസാദ്‌, ഫക്രുദീന്‍ അലി അഹമദ്‌, ഗ്യാനി സെയില്‍ സിംഗ്,ആര്‍ വെങ്കട്ടരാമന്‍,ശങ്കര്‍ദയാല്‍ ശര്‍മ എന്നിവര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ചവര്‍ ആണെങ്കില്‍, മറ്റുള്ളവരില്‍ dr കെ എസ് രാധാകൃഷ്ണന്‍ ,കെ ആര്‍ നാരായണന്‍ തുടങ്ങി പലരും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആയിരുന്നെങ്കിലും സമവായത്തിലൂടെ രാഷ്ട്രപതി ആയവര്‍ ആണ്.


ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം,


ഈയിടെ നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ഇടയ്ക്കിടെ പത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്,


മുന്‍പത്തെ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈലുകളുടെ യും, ബഹിരാകാശ നേട്ടങ്ങളുടെയും പിതാവായ എ പി ജെ അബ്ദുള്‍കലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്  ഇന്ത്യയെ , ഇന്ത്യയുടെ യുവതയെ അഗ്നിച്ചിറകുകള്‍ ഉള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചുകൊണ്ടായിരുന്നു.


പിന്നീട് എല്ലാ കക്ഷികളും ഒന്നായി തെരഞ്ഞെടുത്ത   പ്രതിഭാ സിംഗ് പാട്ടീല്‍ ഇന്ത്യയില്‍ ആദ്യത്തെ വനിതാ രാഷ്ട്രപതി  ആയി....


" ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി വേണ്ടുവോളം ഉള്ള ഒരു വ്യക്തിത്വം ആണ്
ശ്രീമതി പ്രതിഭാ പാട്ടീല്‍...


അവരെ കേവലമായ അഴിമതി ആരോപണം കൊണ്ടൊന്നും തളര്‍ത്താന്‍ ആവില്ല....

അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാം....


ഒന്നാമത്തെ ആരോപണം


"വിദേശയാത്രകളില്‍ കുടുബത്തെ കൂടെക്കൂട്ടി"


മറുപടി :ഒരു സ്ത്രീക്ക്  ഏറ്റവും വിലപ്പെട്ടത് മക്കളും മക്കടെ മക്കളും ഒക്കെ ആണ്....
വിദേശയാത്രയാണ്, രാഷ്ട്രപതിയാണ്, രാജ്യത്തിന്‍റെ പണമാണ് ചെലവാകുന്നത് , എന്നൊക്കെ പറഞ്ഞാലും ഇവരെയൊക്കെ മറക്കാന്‍ പറ്റുമോ....?

ഇല്ലാ....


ലത് കൊണ്ടാണ് ഈയമ്മ രാഷ്ട്രപതി സന്ദര്‍ശനത്തിനെന്നും പറഞ്ഞു  പോയ ഇരുപതു രാജ്യങ്ങളിലും ഈ പറഞ്ഞസാധനങ്ങളെയൊക്കെ കൂടെ കൂട്ടിയത്....
വെറും 205 കോടി മുടക്കിയാണ് ഇത്രേം ബെല്ല്യക്കാട്ട് സംഭവം നടത്തിയത്.....അതും കയ്യിന്നാണോ....?
ഏയ്‌.....
പെട്രോള്‍ വില, അരിവില, തുടങ്ങി മൂക്കില്‍ വെക്കുന്ന പഞ്ഞിക്ക് വരെ വിലയും നികുതിയും കൂട്ടി അടുക്കി വെച്ചിരിക്കുന്ന ഇന്ത്യന്‍ പണപ്പണ്ടാരത്തില്‍ നിന്നും ഒന്ന് കയ്യിട്ടു വാരിയതാണ്....

രണ്ടാമത്തെ ആരോപണം 

"പിരിഞ്ഞ ശേഷം താമസിക്കാന്‍ ആഡംബര വീട് പണിഞ്ഞു "


മറുപടി
 ആരാ ഈ രാഷ്ട്രപതി.....?
രാജ്യത്തിന്റെ പതി...സ്ത്രീ ആയത് കൊണ്ട് പ്രഥമവനിത എന്ന് പറയാം....
അതായത് ഇന്ത്യാ മഹാരാജ്യത്തിലെ ഒന്നാം നമ്പര്‍ വനിത....


ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാജ്യത്തെ പ്രഥമവനിത എന്ന് വെച്ചാല്‍ പുലിയല്ലേ പുലി.....
ആയമ്മ ഇപ്പൊ താമസിക്കുന്ന രാഷ്ട്രപതി ഭവന്‍ തന്നെ ഒരു പുലിമട ആണ്....
ബ്രിട്ടീഷ്‌ ശില്പ കലയുടെ ചാരുത നിറഞ്ഞു നിക്കുന്ന ഡല്‍ഹിയിലെ രയ്സിന കുന്നിലെ പണ്ടത്തെ വൈസ്രോയിയുടെ കൊട്ടാരം....


ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനും നുമ്മടെ ആണ് എന്ന് പറയുമ്പോള്‍ ആണ് അതിന്റെ ഗുട്ടന്‍സ്‌ നുമ്മ മലയാളീസിന് മനസിലാകണതു,,,,


യേത്.....


ഇത്രേം ബെല്ല്യക്കാട്ട് പൊരക്കു അഞ്ചു കൊല്ലം താമസിക്കുന്ന നമ്മടെ പ്രതിഭാമ്മ അടിത്തൂണ്‍ പറ്റിയാല്‍ എവിടെ താമസിക്കണം എന്നാണു ഈ ബ്ലഡീ മാധ്യമ സിണ്ടിക്കേറ്റ് പറയുന്നത്.....?


അവര് വല്ല വാടകവീട്ടിലും പോയി നിന്നാല്‍ ആര്‍ക്കാ അതിന്റെ ദോഷം....?
ഉത്തര്‍പ്രദേശിലെ ചോളം കൃഷി ചെയ്യുന്ന മുക്കന്ദര്‍ സിങ്ങിന് വരെ അത് നാണക്കേട് അല്ലെ....?


അത് കൊണ്ടാണ് ആയമ്മയോടു സര്‍ക്കാര്‍ പറഞ്ഞത് ഇങ്ങള് ഒര് ബീട് എട്തോളീന്നു.....


കേക്കണ്ട താമസം ഒരൊന്നൊന്നര വീട് തെന്നെ ഓര് പൊക്കി....
അനുവദിച്ച സ്ഥലം ഒന്നും നോക്ക്യില്ല....


രാഷ്ട്രപതിക്കെന്തു അതിര്‍ത്തി.....ഫൂ......


ഇതും വിവാദമാക്കുകയാണ് ബ്ലഡീ മീഡിയാസ്.....


ഇനി ഷിനോജിസത്തിലേക്ക്.......


എന്ത് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നത്....?


രാജ്യത്തെ നൂറു കോടിയോളം വരുന്ന ദാരിദ്രനാരായണന്മാരുടെ വിയര്‍പ്പ് കുറുക്കി ഉപ്പുണ്ടാക്കി വിറ്റ് പോലും ലാഭം കൊയ്യ്തു സപ്രമഞ്ചകട്ടിലില്‍ ആകാശം നോക്കി കിടക്കുന്നതാണ് ജനാധിപത്യം എന്ന് കരുതുന്ന കുറെ ശതകോടീശ്വരന്മാര്‍ ഭരണയന്ത്രം തിരിക്കുന്ന നമ്മുടെ രാജ്യത്ത്‌ ഇതൊക്കെ എന്ത്....?


 മരിച്ചു പോയ ഗുരുവിനെ ഹിമാലയത്തില്‍ വച്ച്കണ്ടു എന്ന് പറഞ്ഞു രാജ്യത്തെ നാണം കെടുത്തിയ പ്രഥമ വനിത, ......


കോണ്‍ഗ്രസ്‌ എം എല്‍ എ ആയ മകന്‍റെ മണ്ഡലത്തില്‍ ഉദ്ഗാടനതിനു പോയ രാഷ്ട്രപതി....


പിന്നെ സ്വന്തം പേരില്‍ പഞ്ചാര മില്ലും, സഹകരണ ബാങ്കും ഒക്കെ തുടങ്ങി നമ്മെ വിസ്മയിപ്പിച്ച പ്രഥമവനിത.......


രാഷ്ട്രീയക്കാര്‍ രാഷ്ട്രപതി ആവണം എന്നാണ് എന്‍റെ അഭിപ്രായം....
അല്ലെങ്കില്‍ പൊതുജനങ്ങളെ പറ്റി, നാളയെ പറ്റി സ്വപ്നം കാണാന്‍ കഴിവുള്ള കലാമിനെ പോലെ ഉള്ളവര്‍.......


രസഗുള


രാഷ്ട്രപതിയുടെ ലോക സഞ്ചാരം സി ഡി ആകുന്നു.....

"പ്രതിഭാ സഞ്ചാരം"
കോപ്പികള്‍ ഉറപ്പാക്കുക.

5/8/12

എന്‍റെ പ്രണയ മരം











ഹൃദയം നനഞ്ഞു കുതിര്‍ന്ന ഒരു പുലരിയിലാണ് അവള്‍ ആദ്യമായി വന്നത് ,,,അതുകൊണ്ടാവാം, പെട്ടെന്ന് തന്നെ അവള്‍ക്ക് പ്രണയത്തിന്‍റെ വിത്ത് അതിലേക്കു അമര്‍ത്തി ഇറക്കാന്‍ കഴിഞ്ഞു,,,,നിര്‍ജീവമായ പകലുകള്‍ക്ക് പുതിയ മാനം കൈ വന്ന പോലെ ....കിനിഞ്ഞു പെയ്ത മറ്റൊരു മഴയില്‍ ആ വിത്ത് ഒന്നനങ്ങി , ഉണര്‍ന്നു പിന്നെ പുറത്തേക്കു നോക്കി .....
കളനാശിനികള്‍ ഒരുപാട് ഉള്ളത് കൊണ്ടാവാം ആരും കാണാതെ ഞാന്‍ അതിനെ ഒളിച്ചു വച്ചത് ..............വെള്ളമൊഴിച്ചത് പോലും ആരും കാണാതെ      




 ,,,,,,, ഇലകള്‍ വന്നപ്പോഴും ആദ്യത്തെ പൂവിട്ടപ്പോഴും ഞാന്‍ മാത്രമേ കണ്ടുള്ളൂ .........
ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും വേരുകളിലൂടെ അത് പ്രണയം വലിച്ചെടുക്കുമ്പോള്‍.....അത് തീര്‍ന്നു പോവുമോ എന്നതായിരുന്നു എന്‍റെ ഭയം ........പക്ഷെ കൊതിച്ചത് നടത്തി തരുന്ന സ്നേഹമയിയല്ല ജീവിതം എന്ന തിരിച്ചറിവില്‍ അവള്‍ ഇലകള്‍ പൊഴിച്ച് എന്‍റെ ഹൃദയത്തോട് യാത്ര പറഞ്ഞു ....
ആഴത്തില്‍ പോയ വേരുകള്‍ പറിഞ്ഞു രക്തം വന്നപ്പോള്‍ , വേദന കൊണ്ട് ഞാന്‍ കരഞ്ഞപ്പോള്‍ , ചോദിച്ചവരോട് ഞാന്‍ പറഞ്ഞ സത്യത്തിനു കളവിന്റെ വില പോലുമുണ്ടായിരുന്നില്ല കാരണം അവര്‍ ആ മരം കണ്ടിരുന്നില്ല ....വിത്തോ, ഇലകളോ പൂവുകളോ ഒന്നും.....ഇല്ലാത്ത മരത്തിന്റെ കഥകള്‍ എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ എനിക്കും തോന്നി ശരിയാണ് അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല സമ്മതിക്കാം പക്ഷെ ഒന്ന് ചോദിച്ചോട്ടെ ...
.     
       ഈ രക്തമൊലിക്കുന്ന ഹൃദയമോ.....



5/4/12

ഇന്ത്യന്‍ മെഡിക്കല്‍ അവസരവാദികള്‍


നേഴ്സ്മാര്‍ കൊടിയെടുത്ത കാലം.....മാലാഖമാര്‍ സമരം നടത്തിയ ആശുപത്രികള്‍ ഓരോന്നായി സംഘശക്തിക്ക് മുന്നില്‍ തല കുനിച്ചു...


അന്നേരം ചിലര്‍ വാളെടുത്തു അവര്‍ മുതലാളിമാര്‍ ആയിരുന്നു...

അവരില്‍ ചിലര്‍ക്ക് ഡോക്ടര്‍ എന്ന പേരുണ്ടായിരുന്നു.....

അവര്‍ക്കൊരു സംഘടന ഉണ്ടായിരുന്നു.....

INDIAN MEDICAL ASSOCIATION (IMA) എന്നായിരുന്നു അതിന്‍റെ പേര്...


അവര്‍ അരുളി ചെയ്തു...


"നേഴ്സ്മാര്‍ സമരം ചെയ്യരുത്‌... സമരം ചെയ്യുന്ന നേഴ്സ്മാരെ അറസ്റ്റ് ചെയ്യണം...."


എന്തൊക്കെ പുകില്..


പറഞ്ഞതാരാ,,,,,

IMA...


ആ വാക്ക് കേട്ട് നാട്ടുകാര്‍ ചിരിച്ചു....അയ്യേ....

കാരണം കുട്ടികളുടെ അപ്പിക്കടലാസിനും കക്കൂസ് കഴുകുന്ന ബ്രഷിനും അംഗീകാരം കൊടുക്കുന്ന ഈ സംഘടനക്ക് നേഴ്സ് മാരുടെ സമരത്തില്‍ എന്ത് കാര്യം....

അങ്ങനെ ആ പ്രസ്താവന ഇറക്കിയ രായകോവാലന്‍ സാര്‍ ശശിയായി..... തലയില്‍ ഡബിള്‍ മുണ്ടും ഇട്ടു നടത്തമായി ....

അന്നാണ് പത്രം വായിക്കുന്ന ചിലര്‍ മനസിലാക്കിയത്


IMA എന്നാല്‍


"ഇന്ത്യന്‍ മെഡിക്കല്‍ അവസരവാദികള്‍ 'എന്നാണ് എന്ന്....

കാരണം...

1)ഗവണ്‍മെന്റ് ആശുപത്രികളില്‍ ശമ്പള വര്‍ധനവ്‌ വരുത്താന്‍ മാസങ്ങളോളം ഡോക്ടര്‍മാര്‍ സമരം നടത്തിയപ്പോള്‍ ഈ രോഗീ സ്നേഹം എവടെ ആരുന്നു രായണ്ണാ.....?

2)ഹൌസ് സര്‍ജെന്മാര്‍ എന്ന ഐ എം എ കുട്ടിപ്പട്ടാളത്തിന്റെ സ്റ്റൈപെന്റ് സമരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാരാ....?

3)ഏറ്റവും ഒടുവില്‍ നേഴ്സ്മാര്‍ സമരം ചെയ്യുന്നു എന്നും പറഞ്ഞു അതിനെതിരെ മിന്നല്‍ ഓ പി പണിമുടക്ക്‌ നടത്തിയത് ആരാ രായണ്ണാ....?








അതൊക്കെ പോട്ടെ....






നേഴ്സ്മാര്‍ക്ക് പ്രശ്നം ഉണ്ടെന്നു നാട്ടുകാര് മൊത്തം മനസിലാക്കി, ബഹുമാനപ്പെട്ട മന്ത്രി ഒരു പഠനകമ്മീഷനെ വച്ചപ്പോള്‍ ഈ പറഞ്ഞ അണ്ണന്‍മാരുടെ "കുരു" മൊത്തം പൊട്ടി....


പിന്നെ ചൊറിച്ചിലോടു ചൊറിച്ചില്‍.....


ഈ പഠനം അനാവശ്യം.....


ഇതില്‍ ഞങ്ങളെയും (മാനേജ്മെന്റ്, IMA) കൂട്ടണം.......


ഈ പഠനം ഏകപക്ഷീയം.....

ഇങ്ങനെ വലിയ വായില്‍ അവര്‍ നിലവിളിക്കാന്‍ തുടങ്ങി..,,

പറഞ്ഞത് ഐ എം എ ആയത് കൊണ്ടാണോ എന്തോ..ആരും കേട്ടതായി പോലും ഭാവിചില്ല


....അയ്യേ.


ഒടുവില്‍ ആ കമ്മീഷന്‍ റിപ്പോര്‍ട്ടും വച്ചു....

എന്താ കഥ,,,,

നേഴ്സ്മാര്‍ക്ക് 13000 മുതല്‍ 22000 വരെ ശമ്പളം നല്‍കണമെന്നും, അവരുടെ ജോലി സമയം എട്ടു മണിക്കൂര്‍ ആക്കണമെന്നും ഉള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ പോലും ഈ അണ്ണന്മാര്‍ കണ്ടത് നൂറു ശതമാനം അസഹിഷ്ണുതയോടെ....

എ,,,,,നേഴ്സ് മാര്‍ക്ക് ശമ്പളമോ....?
പലരും അങ്ങനെ കേട്ടത് തന്നെ ആദ്യം ആയിരുന്നു.....

പിന്നേം കുരു പൊട്ടി....


ഇരിക്കപ്പൊറുതിയില്ലാതായി.....

രായകൊവാലന്‍ സാര്‍ ഇറങ്ങി,,,,

പറഞ്ഞു...

ഇല്ലാ....കൊടുക്കൂല്ലാ......നേഴ്സ്മാര്‍ക്ക് ശമ്പളം കൊടുക്കൂല്ലാ.......
എട്ടു മണിക്കൂര്‍ ഡ്യൂട്ടിയാ....!!!!!!!!!!!!!!!!!!!
അതും നടക്കൂല്ല......


എന്താ കാരണം....?>


ശമ്പളം കൊടുത്താല്‍ ആസ്പത്രികള്‍ പൂട്ടിപ്പോകും പോലും.....


ഗവണ്‍മെന്റ്ആശുപത്രികളില്‍ മൂന്നു ഷിഫ്റ്റ്‌ ഇല്ല പോലും......


നല്ലൊരു ആട്ട് വെച്ച് കൊടുത്താലോ....?

വേണ്ട അല്ലെ....

പാവം....


എന്റെ രായണ്ണാ.....

ഗവണ്മെന്റ് ആശുപത്രികളില്‍ എത്ര കാലമായി മൂന്നു ഷിഫ്റ്റ്‌....

അണ്ണന്‍ ഇത്രേം കാലം എവ്ടാരുന്നു.....

(പണ്ട് ഇദ്ദേഹം പ്ലുടോയില്‍ ആയിരുന്നു പോലും...പ്ലുടോയെ ഗ്രഹത്തിന്‍റെ പട്ടികയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചു ഇങ്ങു പോന്നതാ പോലും....)

എല്ലാ തവണത്തെയും പോലെ പറഞ്ഞത്‌ ഐ എം എ ആയത് കൊണ്ട് ആരും മൈന്‍ഡ് ആക്കിയില്ല.....


--പക്ഷെ ഞങ്ങള്‍ ഒന്നും പറയാം....


" ഈ കമ്മീഷന്‍ പറഞ്ഞ പോലെ നടന്നില്ലേല്‍,,,,,,പിന്നെ കേരളം കാണുക ചട്ടപ്പടി സമരത്തിന്‍റെ ദിനങ്ങള്‍ ആയിരിക്കും....ഐ എം എ യെ പോലെ രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല....ഡ്യൂട്ടി എടുത്തു കൊണ്ട് തന്നെ,,,,,പൊരുതാന്‍ ഞങ്ങള്‍ തയാറാണ്.....പക്ഷെ അതിന്‍റെ അവസാനം വിജയം എന്ന് മാത്രമേ ഉള്ളൂ....."



കഴിഞ്ഞ മാസം ഗ്രാമ സേവനത്തിന്റെ പേരില്‍ പിള്ളേരെ സമരം ചെയ്യിച്ചപ്പോഴും നാട്ടുകാര് മനസിലാകി എന്നതാ ഇവന്മാരുടെ നോട്ടം എന്ന്.....


വാല്‍: രോഗികളെ നല്ല നിലയില്‍ നോക്കുന്ന ,നേഴ്സ്'മാരെ സഹോദരങ്ങളായി കാണുന്ന ദൈവതുല്യരായ ഡോക്ടര്‍മാരെ നിങ്ങള്‍ എന്നോട് ക്ഷമിക്കുക......



ഈ അവസര വാദികളെ എന്ത് ചെയ്യണം.....


ഞങ്ങള്‍ എങ്ങനെ പ്രതികരിക്കണം.....?


ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു,,,,?


അഭിപ്രായം പറയണം...പ്ലീസ്.....

4/25/12

കടലില്‍ ഒരു കോടി ..ആര്‍ യു റെഡി.......?

സുഹൃത്തുക്കളെ, നമ്മള്‍ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ,,,,,? ദിവസവും രാവിലെ ജോലിക്ക് പോകുന്നു,,,,തുച്ഛമായ ശമ്പളം...കള്ളുകുടിക്കാനോ, റീച്ചാര്‍ജ് ചെയ്യാനോ പോലും തികയാതെ കടം പെരുകി ആകെ അലാക്ക് ആയ അവസ്ഥ,,,, എത്ര മെനക്കെട്ടിട്ടും രണ്ടറ്റം അങ്ങോട്ട്‌ മുട്ടിക്കാന്‍ പറ്റാത്തവര്‍ക്കായി ഇതാ ലോക പ്രശസ്ത എകണോമിസ്റ്റ്Shinoj Poyanadan RN അവതരിപ്പിക്കുന്ന ഗെയിം ഷോ "കടലില്‍ ഒരു കോടി ആര്‍ യു റെഡി.....


നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം....


എവിടെ നിന്നെങ്കിലും ഒരു ബോട്ട്/തോണി സംഘടിപ്പിക്കുക,,,


ബംഗാള്‍ ഉള്‍ക്കടലോ ,അറബിക്കടലോ തെരഞ്ഞെടുക്കാം


ഈ കളിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ള മറ്റു സമാന മനസ്കരെയും കൂടെ കൂട്ടാം....


ഒരു തീയതി നിശ്ചയിക്കുക, നല്ല ചിരിക്കുന്ന ഫോട്ടോ എടുത്തു പത്രമാപ്പീസിലും ചാനെലുകള്‍ക്കും കൊടുക്കുക


വിഷുവിനു കാപ്സ് പൊട്ടിക്കുന്ന ഒരു തോക്കും, ഒരു പെട്ടി ചൊറപ്പൊട്ടാസും കരുതണം...


എല്ലാവരും കൂടി ആലോചിച്ച ശേഷം കടല്‍ തെരഞ്ഞെടുക്കണം....


നല്ല ദിവസം നോക്കി കടലിലേക്ക്‌ നീങ്ങുക..


അന്താരാഷ്‌ട്ര കപ്പല്‍ ചാല്‍ എന്ന് പറയുന്ന ഒരു സാധനം ഉള്ളതായി പറയപ്പെടുന്നുണ്ട്, അവിടെ പോയി പതിയിരിക്കുക....


എന്നിട്ട് ഇറ്റലിയുടെ കപ്പല്‍ വരുന്നുണ്ടോ എന്ന് നോക്കുക


ഇറ്റലിയുടെ കപ്പല്‍ ആണ് എന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ നേരത്തെ കയ്യില്‍ കരുതിയ പൊട്ടാസ് തോക്കിലേക്ക് വച്ച് പൊട്ടിക്കുക....


"ജയ് ഹോ എന്ന് തുടങ്ങുന്ന എ ആര്‍ റെഹ്മാന്‍ ഗാനവും ഒപ്പം പാടുക"


ഉടനെ തന്നെ കപ്പലില്‍ നിന്നും നിങ്ങള്‍ക്ക് വെടി ഏല്‍ക്കുന്നതാണ്....


അഥവാ അവര്‍ അതിനു മുതിരുന്നില്ല എങ്കില്‍ കപ്പലിനടുത്തേക്ക് ബോട്ട് ഓടിക്കാന്‍ മറക്കരുത്......




ഈ പറഞ്ഞ ദുരന്തപര്യാവസാനം നിങ്ങളുടെ ജീവന് ഉണ്ടാകുകയാണെങ്കില്‍ നിങ്ങളുടെ കുടുംബത്തിന് ലഭിക്കുന്നു...




ഒരു കോടി രൂപാ.......................ആഹ്ലാദിക്കൂ ....അര്‍മാദിക്കൂ....




(നിങ്ങള്‍ ഈ ജന്മം അധ്വാനിച്ചാല്‍ കിട്ടുമോ ഇത്രയും തുക....?????????????)




ശ്രദ്ധിക്കുക.......


കപ്പല്‍ ഇറ്റലിയുടെതാണെന്ന് ഉറപ്പാക്കണം, വല്ല ഇംഗ്ലണ്ടോ, അമേരികായോ ആണെങ്കില്‍ എട്ടിന്‍റെ പണി കിട്ടും...കാശ് അങ്ങോട്ട്‌ കൊടുക്കേണ്ടി വരും.....




പോകുന്നതിനു മുന്‍പായി പോലീസുമായി കമ്മീഷന്‍ പരഞ്ഞുരപ്പിക്കണം....




അപ്പൊള്‍ റെഡി ആയിക്കൊള്ളു....




കടലില്‍ ഒരു കോടി....ആര്‍ യു റെഡി...








ഇത്രയൊക്കെ പറഞ്ഞപ്പോള്‍ നിങ്ങക്ക് കാര്യം മനസിലായി കാണും....
ഇവിടെ ഈ പറഞ്ഞതിനര്‍ത്ഥം കൊല്ലപ്പെട്ടവരുടെ കുടുംബം ഒരു കോടി വാങ്ങിക്കരുത് എന്നല്ല....മറിച്ചു ആ പൈസ കൊടുക്കേണ്ടിയിരുന്നത് നമ്മുടെ സര്‍ക്കാര്‍ `ആയിരുന്നു എന്നും കേസ് നടത്തി കുറ്റക്കാരെ ശിക്ഷിക്കണം എന്ന് പറയാന്‍ മാത്രമാണ്....

3/30/12

മാത്തന്‍ നേഴ്സിന്റെ 3 പീഡാനുഭവങ്ങള്‍ ...

ഒന്നാം പീഡാനുഭവം 



പ്രിയപ്പെട്ട നഴ്സിംഗ് പണിക്കാരേ”....

വളരെ വേദനയോടും ആത്മനിന്ദയോടും കൂടെയാണ്ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയാകുന്നുഒരു 

"നേഴ്സ് സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെവിടെയും പീഡിപ്പിക്കപെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ല" എന്ന ദൈവവചനം ഒരിക്കല്‍ കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു...






വല്ലാത്ത ഒരു ഗ്ര്വുഹാതരത്വത്തോടെയും അതിന്റെ ആവേശതോടെയുമാണ്ഞാന്‍ വീടു ലക്ഷ്യമാക്കി പാഞ്ഞത്... ബസ്സിന്റെ കിളിവാതിലില്‍ കൂടി ചാത്തമല കള്ള്ഷാപ്പിന്റെ black and white toddy ബോര്ഡ് കൂടി കണ്ടപ്പോള്‍ മനസ്സും ശരീരവും ആത്മാവും ഒരുമിച്ച് ഹര്ഷാരവം മുഴക്കി...


പക്ഷെ,

എന്റെ ജനം എനിക്കായ് കരുതി വെച്ചതു കുരിശിന്റെ വഴി ആയിരുന്നു...

പീഡകള്‍


.... മാത്തന്‍ നേഴ്സിന്റെ 3 പീഡാനുഭവങ്ങള്‍ ....


ഇനി കഥയിലേക്ക്‌



…രണ്ടു വര്ഷം കൂടി സ്വന്തം ചെറുക്കനെ കാണുന്ന അപ്പന്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്തായിരിക്കും .. ഊഹിക്കാമോ... clue വേണോ...


"മാനേ തേനേ..പൊന്നേ കരളേ.. നീ അങ്ങു മെലിഞ്ഞുപോയല്ലോടാ.. കറുത്തുപോയല്ലോടാ.. നിനക്കവിടെ തിന്നാന്‍ ഒന്നും കിട്ടുന്നില്ലെടാവ്വെ"... ഇതില്‍ ഏതേലും ആയിരിക്കുകേലേ....


എന്നാല്‍ ....രം ഗം 1ഏക പുത്രന്റെ വരവും കാത്തു കുടുമ്ബം മുഴുവന്‍ തിണ്ണയില്‍ ....ഞാന്‍ സുസ്മേരവദനനായി മന്ദം മന്ദം ഭവനത്തിലേക്ക് നടന്നടുക്കുന്നു... ഡാഡി ഒന്നു മുന്നോട്ടാഞ്ഞു എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി ഒരു അരുളിപ്പാട്..


…@@@“”നിനക്ക് ഇതു വരെ മീശ മുളച്ചില്ലെടാ”””.....”!!!!@@@@###





>>>പ്രക്രിതി നിശ്ചചലമായി... എന്റെ പുരുഷത്വം ചൊദ്യം ചെയ്യപെട്ടിരിക്കുന്നു.... ഞാന്‍ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കി... എന്നെ രക്ഷിക്കാന്‍ ആരുമില്ല... ഓടി ഒളിക്കാന്‍ സ്തലം ഇല്ലാ.... അന്ന് ഞാന്‍ കേട്ട എന്റെ പെങ്ങളുടെ ചിരിയാണു ഈ ലോകത്തിലേക്കും വെച്ചു കേട്ട ഏറ്റവും വ്രുത്തികെട്ട ചിരി....


ആ ഒറ്റ ചോദ്യത്തില്‍ നിന്നും പൊട്ടിച്ചിതറിയ നൂറു ചൊദ്യങ്ങളില്‍ ചിലത്....1. പത്തിരുപത്തിനാലുവയസ്സായ്ട്ടും നീ ഈ കുടുമ്ബത്തിനു വേണ്ടി എന്നാ പുഴുങ്ങിയിട്ടുണ്ടെടാ എരപ്പേ......2.ഞാന്‍ മണലില്‍ കിടന്നുണ്ടാക്കുന്ന കാശുകൊണ്ടല്ലെടാ നാറി.. നി ഇപ്പൊളും കള്ളുകുടിക്കുന്നേ....3.നിനക്കു നാണം എന്ന ഒരു സാധനം ഉണ്ടൊടാ എരണം കെട്ടവനേ....


ഒരു പക്ഷെ.. ഡാഡി ഇങ്ങനെയൊന്നും മനസ്സില്‍ പോലും ചിന്തിച്ചിട്ടുന്ണ്ടാവില്ലാ...ഒരു പക്ഷെ.. എന്റെ ഉള്ളില്‍ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഒരു നിഷ്കളങ്കന്റെ അപകര്ഷതാബോധം അവനേ കൊണ്ടു വിളിച്ചു പറയിക്കുന്നതായിരിക്കും ....എന്തേലുമാകട്ടെ.... പുല്ല്....


“”എന്നലും ആ തിണ്ണയില്‍ നിന്ന ആര്ക്കെലും അങ്ങനെ തോന്നാതിരിക്കുമോ””?.... >>ദാണ്ടെ.. ലവന്‍ വീണ്ടും പൊങ്ങുന്നു...
“”അപകര്ഷതയുള്ള നിഷ്കളങ്കന്‍ “”......

3/24/12

യക്ഷിയും പനയും പിന്നെ ശിവനും......











ദിവസം മിനിയാന്ന് ....സമയം വൈകുന്നേരം ഒരു എട്ടു മണി....പതിവുപോലെ പൊയനാട് ജാങ്കോ ബോയ്സിന്റെ വയലിലെ കേന്ദ്രത്തില്‍ മുട്ടന്‍ ചര്‍ച്ച നടക്കുകയാണ്,മുല്ലപ്പെരിയാര്‍ മുതല്‍ പിറവത്തെ പരാജയം വരെ വരെ ചര്‍ച്ചാ വിഷയം.....സമയം ഒന്‍പതര ആയി,,,,വീട്ടില്‍ റേഷന്‍ കാര്‍ഡില്‍ പേര് കുത്തും എന്ന പേടിയിലും വയര്‍ മീറ്ററില്‍ കാലി സിഗ്നല്‍ കാണിക്കാന്‍ തുടങ്ങിയതിനാലും പലരും പതുക്കെ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങി....ഇത് രണ്ടും ഇല്ലാത്തതിനാല്‍ ഞാനുള്‍പ്പെടെ തലതിരിവ് കുറച്ചു കൂടുതലുള്ള പര് നാല് പേര്‍ അവടെ തന്നെ ഇരുന്നു....ഉടനെ എവിടെ നിന്നോ ഒരു മൊബൈലിന്റെ കരച്ചില്‍....ഷജില്‍ തന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു ,ചെവിയോടു ചേര്‍ത്തു ....ഹലോ.....എന്ത്...?,......യക്ഷിയാ......?????,,,പനേമ്മലാ.......????എടയാ........?ഇല്ലെയെന്നെ ആടാ .......????? തുടങ്ങിയ ചോദ്യ ശരങ്ങള്‍ പാഞ്ഞു പോകുന്നു.....യക്ഷി എന്ന് കേട്ടതിനാലും,രാത്രി സമയമായതിനാലും എന്തോ ഒരു ജിജ്ഞാസ സംഭവം അറിയാന്‍.......എല്ലാരും ഒന്നടങ്കം ചോദിച്ചു.....വാട്ട്സ് ദി മാറ്റര്‍....???









































ഒറ്റ ശ്വാസത്തില്‍ അവന്‍ സംഭവം പറഞ്ഞു ,,,"മുണ്ടയാട് പന പൊട്ടി വീണു , യക്ഷിയെ കണ്ടു പോലും...."..
.എല്ലാരും ഞെട്ടി....ഇഞ്ഞി എന്നാടാ പറേന്നു....???
ഇല്ലെതാടാ.....സുകേശു വിളിച്ചതാ......ഞമ്മക്കും പോയല്ലോ...?ഇഷ്ടം പോലെ ആളു കാണാന്‍ വന്നിട്ടുണ്ട് പോലു .....
പിന്നെ സമയം വൈകിയില്ല...രണ്ടു ബൈക്കില്‍ അഞ്ചു പേര്‍...വച്ച് പിടിച്ചു....


യാത്രയില്‍ ,ഞാനൊരു നേഴ്സ് ആയത് കൊണ്ടാവാം, എന്റെ മനസിലേക്ക് വന്നത് പനയുടെ മുകളില്‍ നിന്നും വീണു ഇടുപ്പെല്ല് തകര്‍ന്നു കിടപ്പിലായ ഒരു പാവം യക്ഷി ആയിരുന്നു.....പക്ഷെ ചിരിച്ചില്ല...കാരണം പേടി തന്നെ.....


അവിടെ എത്തുമ്പോള്‍ എന്താ അവസ്ഥ....?


സ്ഥലം മാറിപ്പോയോ.....? എത്തിയത് അണ്ടല്ലുര്‍ കാവിലോ മാവിലാക്കാവിലോ മറ്റോ ആണോ....?
അത്രയും പുരുഷാരം.....സ്ത്രീകള്‍...കുട്ടികള്‍....പേടിച്ചു നില്‍കുന്ന കുറെ തൊണ്ടികള്‍ .......എങ്ങും ടോര്ച്ചുകള്‍ കത്തുന്നു.....
അടുത്ത് നിന്ന ചേട്ടനോട് ചോദിച്ചു.....എവിടാ ചേട്ടാ യക്ഷി.....?


ചേട്ടന്‍ ചോദിച്ചു....'യക്ഷിയാ.....?ശിവനല്ലേ.....?"


ശിവനാ...????????????


സ്ഥലം മാരിപ്പോയാ.....?


അല്ല ചേട്ടാ ഈ പന പൊട്ടി വീണിട്ട് ഈ യക്ഷി......


അതേടാ അത് യക്ഷിയല്ല......ശിവനാ...ശിവന്‍.....!!!!


ഭയം ഭക്തിയിലേക്ക് മാറി.....ഒരു നിമിഷം ഞാന്‍ അവിടെ മറ്റൊരു കേദാര്‍നാഥ് കണ്ടു......


ഭക്തി കൊണ്ട് ഞങ്ങളെല്ലാരും മനസ്സില്‍ പഞാക്ഷര മന്ത്രം ഉരുവിട്ടു......


അതിനിടെയില്‍ ചില യുക്തിവാദികള്‍ അവിടെ എത്തി.....


അവര്‍ പറയുന്നു.....അത് വെറും പന മാത്രം........യക്ഷിയുമില്ലശിവനുമില്ല.......വലിയ ഹലോജന്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഞങ്ങളും കണ്ടു.....ഒരു പാവം പനംകൈ ....ഒടിഞ്ഞു നില്‍കുന്നു......
എന്‍റെ ശിവനെ ......


വെറുതെയാണോ ഈ നാട്ടില്‍ ആത്മീയത കച്ചവടമായത് .....??????


കേരളം ദൈവത്തിന്‍റെ സ്വന്തം നാട് തന്നെ ,,ഒപ്പം കുറെ മണ്ണുണ്ണികളുടെയും......(നമ്മളും അതിലുണ്ടേ.....)

3/14/12

അരാഷ്ട്രീയതയുടെ രാഷ്ട്രീയം........നഴ്സിംഗ് മേഖലയില്‍

"ഞങ്ങളുടെ രാഷ്ട്രീയം നിക്ഷ്പക്ഷമാണ്"......കേരളത്തിന്‍റെ പൊതുസമൂഹത്തിലേക്ക് ഒരായിരം വീണ്ടു വിചാരങ്ങളുടെ ചോദ്യങ്ങള്‍ എറിഞ്ഞ ഒട്ടനവധി  നഴ്സിംഗ് സമരങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്.....ഒരു പക്ഷെ നേഴ്സ് എന്ന വര്‍ഗ്ഗം ഉടലെടുത്തത് മുതല്‍ ഇന്ന് വരെ നടന്ന നവോഥാനങ്ങളെ കാറ്റില്‍ പരത്തുന്ന മാറ്റങ്ങളാണ് മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നഴ്സിംഗ് മേഖലയില്‍  നടന്നത് ....ഒരു പാട് പേരുടെ സഹനം ഒരു സുപ്രഭാതത്തില്‍ ഭീമാകാരം പൂണ്ട് മാനേജ്മെന്റ്കള്‍ എന്ന വലിയ കൊള്ളക്കാരില്‍ നിന്നും ഈ നഴ്സിംഗ് സമൂഹത്തെ രക്ഷിക്കാന്‍ ഒന്നിച്ചിറങ്ങുകയായിരുന്നു....അവിടെ സമ്പ്രദായങ്ങള്‍ ഒലിച്ചുപോയി.....നിയമ കവചങ്ങള്‍ പൊട്ടിത്തെറിച്ചു.....മാനേജ്മെന്റ്ന്റെ മുഷ്ടികള്‍ക്ക് കൂച്ചുവിലങ്ങ് വീണു.....മാധ്യമങ്ങളില്‍ നഴ്സിംഗ് സമരം വില്പനച്ചരക്കായി........ചൂടുപിടിച്ച ചര്‍ച്ചകള്‍.....,,,,അധികൃതരുടെ വാഗ്ധോരനികള്‍....,,,,,,,,,ഇതിനിടയിലും തീരാത്ത പ്രശ്നങ്ങളില്‍ സമരങ്ങള്‍ മുറ പോലെ നടന്നു......പല സംഘടനകള്‍///....,,,,,,പല പേരുകള്‍.....,,,,വികാരം ഒന്ന് മാത്രം നേഴ്സ്....നമ്മുടെ ഉയര്‍ച്ച...


പക്ഷെ എല്ലാ സമരങ്ങളുടെയും പൊതു സ്വഭാവങ്ങള്‍ ഒന്നായിരുന്നു...മാനേജ്മെന്റ്ന്‍റെ എതിര്‍പ്പും പാരയും....കൂട്ടത്തിലെ ചിലരുടെ കരിങ്കാലിപ്പണി.....മാധ്യമങ്ങളുടെ ഉച്ചയുറക്കവും ഞെട്ടിയെണീക്കലും...,,,രാഷ്ട്രീയ കോമരങ്ങളുടെ ഉറഞ്ഞുതുള്ളലും പ്രഖ്യാപനങ്ങളും.....അങ്ങനെ സര്‍വ-മിശ്രമായ സമരങ്ങള്‍....,,,,,

ഇതിനിടയിലും നമ്മുടെ സമരങ്ങളില്‍ ഉറച്ച പിന്തുണ തന്നവര്‍ പൊതുജനം തന്നെ ആയിരുന്നു....സമരം വന്നാല്‍ കഷ്ടപ്പെടുന്നത് അവര്‍ ആണെന്നറിഞ്ഞു കൊണ്ട് തന്നെ വാക്കാലും മനസാലും സമരത്തെ അനുകൂലിച്ചവര്‍.,,,,,,അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജില്‍ സമരത്തിന്‍റെ തലേന്ന് ഐ സി യു വില്‍ അഡ്മിറ്റ്‌ ആയ  ഭാര്യയേയും കൊണ്ട് ഒറ്റയ്ക്ക്അടുത്ത ആശുപത്രിയിലേക്ക്  പോകാന്‍  ഞങ്ങള്‍ നല്‍കിയ ആംബുലന്‍സില്‍ കയറുമ്പോള്‍  ഇരിട്ടിക്കാരന്‍ ആയ എഴുപത് വയസോളം പ്രായമുള്ള അച്ചാച്ചന്‍ നമ്മളോട് പറഞ്ഞത്.." മക്കളെ നിങ്ങള്‍ ജയിക്കണം...ശമ്പളം തരുന്നത് വരെ നിങ്ങള്‍ സമരം ചെയ്യണം, ഇങ്ങനെ മാറി പോകേണ്ടി വന്നതില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല പക്ഷെ നിങ്ങള്‍ തോറ്റു എന്നറിഞ്ഞാല്‍ ഒരു പക്ഷെ എനിക്കത് സങ്കടമായിരിക്കും " എന്നാണ്.....

ഇത്തരത്തില്‍ നേഴ്സ്മാരുടെ സമരങ്ങള്‍ക്ക് ഡിമാന്‍ഡ്കള്‍ ഇല്ലാത്ത പിന്തുണയുമായി അന്നും ഇന്നും ഉള്ളത് പാവങ്ങളായ പൊതുജനം ആണ് എന്ന് പറയേണ്ടി വരും....ഒരു രാഷ്ട്രീയ പാര്‍ടിയുടെയും നിഴല്‍  ഇല്ലാത്ത പിന്തുണ....മുതലെടുപ്പുകളുടെ കാകദൃഷ്ടി ഇല്ലാത്ത പിന്തുണ...

അവിടെയാണ് സാമൂഹിക പ്രതിബദ്ധത എന്ന വാക്ക് നമ്മള്‍ക്ക് "ബാധ്യത" ആവുന്നത്,എല്ലാ നേഴ്സ്മാര്‍ക്കും വേണ്ടി ഒരു സംഘടന എന്ന രീതിയിലേക്ക് കേരളത്തിലെ നഴ്സിംഗ് സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്.പൊതു ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട അണ്ണാ ഹസാരെയുടെ സമരം എത്തിപ്പെട്ടത് എവിടെയാണെന്ന് നമ്മള്‍ക്കറിയാം....ബാബാ രാംദേവും രാഷ്ട്രീയ വല്കരിക്കപ്പെട്ടത്‌ പെട്ടെന്നാണ്,,,,ഇതിനൊക്കെ കാരണം, അവരൊക്കെ ഏറ്റുമുട്ടിയത് ചില്ലരക്കാരോടല്ല എന്നത് തന്നെ.ഇതേ രീതിയില്‍ നേഴ്സ് മാരുടെ സമരങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അല്ലെങ്കില്‍ നിറം നല്‍കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പല ഭാഗത്ത്‌ നിന്നായി ഉണ്ടാകുന്നത് നമ്മള്‍ കാണണം...നേരത്തെ പറഞ്ഞത് പോലെ പൊതുജനങ്ങള്‍ നമ്മുടെ സമരത്തെ പിന്തുണക്കുന്നത് അതിന്‍റെ മതമോ, നിറമോ ,രാഷ്ട്രീയ ശുദ്ധിയോ, ആദര്‍ശമോ കണ്ടല്ല, പകരം നമ്മുടെ ആവശ്യങ്ങളുടെ പ്രാധാന്യവും ഉറച്ചു നില്‍ക്കുന്ന സമാധാന സമര മാര്‍ഗങ്ങളും കണ്ടാണ് 

കേരളത്തില്‍ വിജയിച്ച എല്ലാ സമരങ്ങളുടെയും പിന്നില്‍ നേഴ്സ് മാരുടെ അധ്വാനം തന്നെ ആണ് ഏറ്റവും വലുത്, പക്ഷെ ആ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് വന്നകൂട്ടത്തില്‍ എല്ലാ രാഷ്രീയ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു അല്ലെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഈ വിഷയം നേഴ്സ് മാരുടെ ഭാഗത്ത്‌ നിന്ന് ഏറ്റെടുത്തിരുന്നു എന്ന് പറയാം...അതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് നമുക്ക് വ്യക്തമാണെങ്കിലും സഹായങ്ങളെ മാനിക്കുന്നു, ആ സാഹചര്യത്തില്‍ ഏതെന്കിലും ഒരു പ്രത്യേക വിഭാഗത്തെ നേഴ്സ് സംഘടനകള്‍ പിന്തുണക്കുന്നതും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതും ആത്മഹത്യാപരമായ നടപടിയാണ്.
ഇത് നേരത്തെ പറഞ്ഞ പൊതുജനങ്ങളുടെ അവമതിപ്പിലേക്ക് കാര്യങ്ങള്‍ നീക്കും.
ഈ പറഞ്ഞതിനര്‍ത്ഥം നേഴ്സ് മാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നുള്ളതല്ല.
കക്ഷി രാഷ്ട്രീയതിനധീതമായ ജനപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ആണ് നല്ലത്.
ഐ എം എ എന്ന ഒരൊറ്റ ലേബലില്‍ അണിനിരക്കുന്ന ഡോക്ടര്‍മാര്‍ അവര്‍ക്കിടയിലെ വ്യക്തിരാഷ്ട്രീയം മറക്കുന്ന പോലെ....
പക്ഷെ തീര്‍ച്ചയായും നമുക്ക് ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആവശ്യമാണ്...അല്ലങ്കില്‍ അത് ജനങ്ങളെ മാനിക്കാത്ത അരാജകത്വത്തിലേക്ക് സംഘടനാ അംഗങ്ങളെ നയിക്കാന്‍ കാരണമാവും.എല്ലാ പ്രശ്നങ്ങളുടെയും മാര്‍ഗ്ഗം സമരമാണ് എന്നാ ചിന്ത മാറണം....ഇത്തരം പൊളിറ്റിക്കല്‍ ഐഡിയോളജി  ഇല്ലാത്തതാണ് നേരത്തെ പറഞ്ഞ ഐ എം എ യെ ജനങ്ങളില്‍ നിന്നും അകതിയത്‌,,കാരണം ജനോപകാരപ്രദമായ ഒരു വാക്കോ നടപടിയോ അവരുടെ ചെയ്തികളില്‍ ഇല്ല....
സമൂഹത്തില്‍ നിന്നും നമുക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പിന്തുണയും നൂറിരട്ടിയായി തിരിച്ചു നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.അതിനായി സുശക്തമായ ഒരൊറ്റ സംഘടനയുടെ കൊടിക്കീഴില്‍ നാം അണിനിരക്കണം.നിറമോ,ജാതിയോ,മതമോ,കക്ഷിരാഷ്ട്രീയമോ ഇല്ലാതെ നേഴ്സ് എന്നാ ഒറ്റ രാഷ്ട്രീയം അതും തികച്ചും സാമൂഹികസത്തയില്‍ ഊന്നിയുള്ള സംഘടന.നമ്മുടെ ഉള്ളില്‍ തന്നെ സംഘടനയ്ക്ക് നിറം നല്‍കാന്‍ ശ്രമിക്കുന്ന ഹക്കെര്‍മാര്‍ ഉണ്ട്...അവരെ തിരിച്ചറിയുക,,, പ്രതിരോധിക്കുക.

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....