ആവശ്യമുള്ളതില്‍ കുത്തിക്കോ...

8/21/14

പ്രണയവും ഒരു പറ്റം പാറ്റകളും !!!


വാട്സ് ആപ്പ് ചാറ്റിന്റെ വരണ്ട കോണിൽ നിന്നും പണ്ടേ കൂടെയുള്ളൊരു  നൻപൻ ദിലുവിന്റെ മെസേജ് വന്നു..

ഷിനോജെ... ഓൾടെ മങ്ങലം കഴിഞ്ഞു ട്ടാ...
ഏത് ഓള്...?
ആ നിന്റെ പ്ലസ്‌ ടൂലെ കൂറയില്ലേ... ,...? ഓൾടെ....
ആണോ... !!!!!!!!! ആരാ ചെക്കൻ..?
ആ ഓൻ തെന്നെ... ഒള്ടെ ലൈന്....
ഹം.....

<<<<ഫ്ലാഷ് ബാക്ക് മ്യുസിക് >>>>

കാലം 2006 .... പ്ലസ്‌ ടൂവിലെ അർമ്മാദ കാലം...

ഒരു വിരസമായ കണക്കു ക്ലാസിനിടയിൽ അക്കങ്ങൾ മാത്രമുള്ള കണക്കിൽ ഈ എക്സിനും, വൈയ്ക്കും, പിന്നെ കൊറേ ഇംഗ്ലീഷ് അക്ഷരങ്ങൾക്കും എന്താപ്പാ കാര്യം എന്ന് ചിന്തിച്ചു പ്രാന്തായ അപൂര്വ്വ നിമിഷത്തിലാണ് നൻപൻ ദിലു  അവന്റെ തിരുവാ എന്റെ ചെവിക്കു മുട്ടിച്ചു പറഞ്ഞത്..

 ഡാ പൊയനാടാ..... ഒരു കാര്യണ്ട്‌....?
ഹ്മ്മ്.....? എന്താ...?
ഓൾക്ക് കൂറേനെ മുറിക്കാൻ പേട്യാ പോലും.... ന്നോട് ചോയിച്ചു പഠിപ്പിക്കോന്ന്....
നീ നല്ലോണം മുറിക്കുംന്നു ഞാൻ പറഞ്ഞിട്ട്ണ്ട്.... നീ പഠിപ്പിക്കൂല്ലേ...?

ആരിക്ക്‌...? സ്റ്റെഷൻ കിട്ടാതെ ഞാൻ തിരിച്ചു ചോദിച്ചു....

നിന്റമ്മായിക്ക് നായിൻറെ മോനെ.... നമ്മടെ ------------ന്.....

ങേ...??? അവിശ്വസനീയം.... ഓൾക്കോ....? ഇള്ളതാ....? ഇന്നോടാരാ പറഞ്ഞെ...?

അന്നോടരാ പറയണ്ടേ.... അന്റെ മുത്ത്‌.... ഒള്ടെ മെയിൻ ചങ്ങായല്ലെ....

ആന്നാ,,, ഞാൻ പഠിപ്പിക്കാടാ.... ചെലപ്പോ അത് കഴിഞ്ഞാ അങ്ങ് പറയാൻ പറ്റിയാലോ...?

<<<<<<<വീണ്ടും ഫ്ലാഷ്ബാക്ക് >>>>>>>

അവൾ.... ആരാ ഈ അവൾ....
ഒരു മഴക്കാലത്ത് ഒരു കുഞ്ഞു തവളയെപ്പോലെ എന്റെ പ്ലസ്‌ വണ്‍ ക്ലാസിലേക്ക് തുള്ളിത്തുള്ളി വന്ന എന്റെ മുത്ത്‌....
കറുത്ത ചൂരിദാരിട്ട , വെളുത്തു മെലിഞ്ഞ,, നെറച്ചും പീലികൾ ഉള്ള കറുത്ത കണ്ണുള്ള ഒരു സുന്ദരിക്കോത !!
ഞാൻ ഇരിക്കുന്നതിന്റെ വളരെ ദൂരെ.... അങ്ങ് ഇരുന്നു.. ആരോടൊക്കെയോ സംസാരിക്കുന്നു... ചിരിക്കുന്നു...
എന്റെ നെഞ്ചാണെങ്കിൽ ഇടിച്ചു ഇടിച്ചു പൊളിഞ്ഞു വീഴാറായ സ്ഥിതി...
വളക്കണം.... പ്രേമിക്കണം.... നാളെ ഒന്ന് മിണ്ടണം... സ്വന്തം ക്ലാസിലല്ലേ... ശരിയാക്കല്ലോ... എന്നൊക്കെ ആലോചിച്ചു സ്വപ്നം കാണവേ
എട്ടിന്റെ  പണി ഹിന്ദിയുടെ രൂപത്തില്‍ വന്നു,...
രണ്ടാം ഭാഷയായി ഹിന്ദി പഠിക്കുന്നവർ അപ്പ്രത്തെ ക്ലാസിലേക്ക് പോണം എന്ന് പറയലും അവള് ചാടി എണീറ്റ്‌ ഒരൊറ്റ പോക്ക്....
രണ്ടാം ഭാഷയായി സംസ്കൃതം പഠിക്കാൻ തീരുമാനിച്ച ആ ശപിത നിമിഷത്തെ ഓർക്കാത്ത "ഹിന്ദിയെങ്കിൽ ഹിന്ദി, എന്നും പറഞ്ഞു അവള്ടെ പോറകെ പോകാൻ എണീറ്റ എന്നെ നൻപന്മാർ പിടിച്ചു പൂട്ടി.... ലവൾടെ കാര്യം അവമ്മാരോട് അപ്പൊ പറയാൻ എന്തോ എനിക്ക് പറ്റിയില്ല....

തൊട്ടടുത്ത മുറികളില്‍ ഞങ്ങൾ പഠിച്ചു...
വരാന്തയിൽ എപ്പോ അവളെ കണ്ടാലും എനിക്ക് ബോധം പാതിയാകും...
ഉള്ളം കൈ വിയര്ക്കും...
ഹൃദയം ഇടിച്ചു പൊങ്ങി ഉന്തിയ വാരിയെല്ലുകളോട് കിന്നാരം പറയും...
അറിയാണ്ടെങ്ങാൻ അവളെന്നെ ഒന്ന് നോക്ക്യാ മതി.... എന്റെ കണ്ണ് അടഞ്ഞു പോകും... ശ്വാസം കിട്ടൂല്ല...
ആകെ മൊത്തം അൽക്കുൽത്....
ഇല്ല.... ഇനിയും പിടിച്ചു നിക്കാൻ വയ്യ,,,, പ്രേമം പറഞ്ഞെ പറ്റൂ....

നൻപന്മരെ ആവശ്യം അറിയിച്ചു,,,
സ്കൂളിന്റെ മുന്നിലെ ജയേട്ടന്റെ ചായക്കടയിലെ ലോകത്തൊരു സ്ഥലത്തും മുന്നെയോ, പിന്നെയോ കണ്ടിട്ടില്ലാത്ത ഉണ്ട വാങ്ങി ഷെയർ അടിച്ചു ഞങ്ങൾ ഗൂഢാലോചന നടത്തി.....
പണ്ട് മുതലേ കൂടെ ഉള്ള എല്ലാ അവന്മാർക്കും ഹംസമായി പോയ വ്യക്തി ഞാൻ ആയതു കൊണ്ട് തന്നെ അവന്മാർക്ക് ഇതൊരു പ്രത്യുപകാര വിഷയമായിരുന്നു...
പക്ഷെ എനിക്ക് വേണ്ടി ആ ഇഷ്ടം അവളെ അറിയിക്കാനുള്ള ധൈര്യം ഒരുത്തനും ഇല്ലാതെ പോയി,,,
ഉള്ളവൻ പറയാന്നു പറഞ്ഞെങ്കിലും, അവനെ ഞാൻ തന്നെ പറഞ്ഞു പേടിപ്പിച്ചു !!!!

<<<<-------------->>>-------------------<<----------------->>
ഒരു കൊല്ലം.... ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു,,,,
ഇന്നവളോട് പറയും, നാളെ അവളോട്‌ പറയും എന്ന് പറഞ്ഞു നദന്നിട്ട് പോയത് ഒരു കൊല്ലം...

നീ എന്നാടാ ചിന്തിക്കുന്നു.... നാളെ വൈന്നേരം ക്ലാസ് കഴിഞ്ഞാൽ ഇഞ്ഞി പഠിപ്പിക്കും എന്ന് ഞാൻ [പറയട്ടെ....

 യെസ്.... അവസരമാണ്.... അവസാന അവസരം... കൂറയെ മുറിക്കാൻ പഠിപ്പിച്ചാൽ ഒരു ബന്ധം കിട്ടും... അതിലൂടെ പിടിച്ചു... പിടിച്ചു.... പിടിച്ചു കേറണം....
ആ... നീ പറഞ്ഞോ....

വൈകുന്നേരം വീട്ടിലെത്തി.... അടുക്കളയുടെ വിറകിടുന്ന അട്ടത്തു കേറി ഞാൻ നിരപരാധികളായ കുറെ കൂറകളെ പിടിച്ചു...
ഒരു പ്രണയത്തിനു വേണ്ടി ജീവൻ നൽകാൻ വിധിക്കപ്പെട്ട കൂറകളെ... നിങ്ങള്ക്കെന്റെ വിപ്ലവാഭിവാദ്യങ്ങൾ...!!!

കുറെ എണ്ണത്തിനെ അന്ന് തന്നെ കൊന്നു ഞാൻ റിഹേഴ്സൽ നടത്തി.... അത് കണ്ടു അമ്മ ഹോ... എന്റെ മോന്റെ ഒരു പഠിപ്പ്... ഇവൻ നാളെ ഡോക്ടർ ആവ്വല്ലൊ എന്ന് വിചാരിച്ചു ആനന്ദക്കണ്ണീർ പൊഴിച്ചു,,, രാത്രി ഒരു മത്തി പൊരിച്ചത് കൂടുതലും തന്നു....

പിറ്റേ ദിവസം...
45 മിനിറ്റ് ക്ലാസ് ഒക്കെ എത്ര മണിക്കൂര്‍ നീളുന്നു എന്നാശങ്കപ്പെട്ട് ഒരു തരം എല്ലാ വിധ ശങ്കയോടും കൂടി ഞാൻ ക്ലാസ് കഴിച്ചു കൂട്ടി...
രാവിലെ ഇന്റർവെൽ സമയത്ത് അവളെന്നോടോന്നു ചിരിച്ചു.....
ആംഗ്യത്തിൽ എന്തോ പറഞ്ഞു.... ഹോ... പ്രണയമേ.... നീ !!!!!

വൈകുന്നേരം.... ക്ലാസിൽ ഇരുന്ന് പഠിക്കണം എന്ന് പറഞ്ഞ ഒരു പാവത്തെ എന്റെ നൻപന്മാർ ചേർന്ന് പൊക്കി ഓട്ടോയ്ക്ക് കേറ്റി വീട്ടിൽ വിട്ടു... എന്തൊക്കെ ചെയ്യുന്നു അവർ... ഹാ... !!!
രണ്ടു മൂന്നു കൂറകളെ ഞാൻ കൊന്നു കുപ്പിയിലാക്കി കാത്തു നിന്നു...
ഏതു സിസ്റ്റം വേണമങ്കിലും കീറി കാണിച്ചു കൊടുക്കണം....

അതാ അവൾ.... ഒപ്പം...അവളുടെ നൻപത്തിയും....
നെഞ്ച് തുറക്കാൻ നിൽക്കുന്ന സർജനെ പോലെ കത്രികയും പിടിച്ചു ഞാനിരുന്നു...
അവളോട്‌ പറഞ്ഞു,... നീ മുറിചോളൂ... പേടി മാറിക്കോട്ടെ....
വേണ്ട ഷിനോജ്... നീ മുറിക്കൂ... ഞാൻ നോക്കട്ടെ.... ഇതുവരെ ആരും മുറിക്കുന്നത് വരെ എനിക്ക് നോക്കാൻ പറ്റിയിട്ടില്ല... പേടിയാ....
ഹോ.... എത്ര പാവം...... !!!! നീ ഭാഗ്യവാനാടാ പൊയനാടാ.... (y )

ഞാൻ ഒരു കൂറയെ എടുത്തു.... താഴെ വച്ചു....
ഒരു പേപർ വിരിച്ചു....
അതിന്റെ മേലെ കൂറയെ വെച്ച്, പതുക്കെ കത്രിക കൊണ്ട് ചിറക് രണ്ടും ഒരൊറ്റ മുറി !!!

ഹ്രാാ...... ഒരലർച്ച...... ആരോ വീഴുന്നു.... ആരൊക്കെയോ ഓടുന്നു......
എന്താ സംഭവിച്ചത്....?
കൂറ എവിടെ...?
അവളെവിടെ...?
ഞാനെവിടെ...?

ഒരൊറ്റ നിമിഷം കൊണ്ടെല്ലാം കഴിഞ്ഞു....
പാതി മാത്രം ചത്ത കൂറ എന്റെ കത്രിക കൊള്ളലും ചാടി ദാണ്ടേ അവള്ടെ മേലെ....
മേലെ കേട്ട അലർച്ചയോടെ അവള് താഴെ വീണു....
ഞാനൊന്നും കണ്ടില്ല...
ആരൊക്കെയോ ചേർന്ന് എടുത്തു പൊക്കി കൊണ്ട് പോയി....

ദുരന്തം സംഭവിച്ചിരിക്കുന്നു... !!!!
മുക്കിക്കൊന്ന കൂറകൾ എന്റെ ചുറ്റിനും ആസുര നൃത്തം ചെയ്യുന്നു....
പ്രണയത്തെ ഒരു കൂറ കരണ്ടില്ലാതാക്കിയിരിക്കുന്നു.......
നിർനിമേഷനായി ഞാൻ ഇരുന്നു....
മൂഞ്ചിയല്ലോ കൊയാന്നും പറഞ്ഞു നൻപന്മാരും....

പിറ്റേന്ന് ആ വാർത്ത‍  കേട്ടതോടെ എന്റെ പ്രണയത്തെ ഞാൻ കൊന്നു കുഴിച്ചു മൂടി അതിന്റെ മേലെ ഒരു പതിനെട്ടാം പട്ട തെങ്ങും വച്ചു !

എന്താന്നോ ആ വാര്ത്ത...

അവള് പറഞ്ഞത്രേ...
"ഓൻ മനുഷ്യനാണോ..... ക്രൂരൻ.... പച്ചക്കാ അവൻ കൂറേനെ മുറിച്ചേ....  അതെന്റെ മേത്തോട്ട് ഒരൊറ്റ തുള്ളലാ... ഞാനിന്നലെ പച്ച വെള്ളം കുടിച്ചിട്ടില്ല... എങ്ങനെയാ ഓന് അത് ചെയ്യാൻ തോന്ന്യേ... പാപി... മഹാ പാപി... "

വേണം... എനിക്ക് അങ്ങനെ തന്നെ വേണം...
പിന്നെ അവളെന്നോട് മിണ്ടിയില്ല....
ഞാൻ മിണ്ടാനും പോയില്ല...
എനിക്ക് അവളെ കാണുമ്പോൾ പഴയ വിറയില്ല... വേറൊരു കോപ്പുമില്ല...
പിന്നീടെപ്പോഴോ ദിലു തന്നെയാണ് പറഞ്ഞത്, അവക്കൊരു ലൈൻ ഉണ്ടെന്നും, വീട്ടുകാരൊക്കെ ഉറപ്പിച്ച മട്ടാണെന്നും.....
കല്യാണം കഴിഞ്ഞത്രേ....
അന്ന് കോഴി ബിരിയാണി വെളംബ്യോ ആവോ....?
കൊല്ലാത്ത കോഴീടെ വേവാത്ത ബിരിയാണി... ഹും....

10/24/13

കമ്മ്യൂണിസ്റ്റ്‌ പച്ച :എനിക്കൊരു സംശയമുണ്ടായിരുന്നു....!!!!!!!!എവ്ടെയും വളരുന്നൊരു കാട്ട് ചെടി...
മനോഹരമായ പൂക്കളില്ല....
ഭംഗിയുള്ളോരു രൂപമല്ല....
പച്ചനിറമാണ് മുഴുവന്‍.....,,,,
കാടെന്നു പറഞ്ഞു വെട്ടിക്കളയാറുണ്ട് പലരും, പലപ്പോഴായി...
എന്നിട്ടും എന്തെ, ഇതിന്‍റെ പേര്,
കമ്മ്യൂണിസ്റ്റ്‌ പച്ച എന്നായി....????


ചോദ്യത്തെക്കാള്‍ എളുപ്പമായി ഉത്തരം...
വളമില്ലാതെ വളരും...
ഏതു മുറിവിനും മരുന്നാണ്...
ഒരു തല വെട്ടിയാല്‍ , ഇരു തലയായി വളരും....
ഒന്നിച്ചു വളര്‍ന്നൊരു കോട്ടയായി നില്‍ക്കും...
ഒരു പൂവില്‍ നിന്നായിരം -
ചെടി പൊട്ടിമുളക്കും....
വേരിലൂടെ പലര്‍ ജനിക്കും...

വേനലില്‍ ഉണങ്ങിയെന്നു തോന്നും...
നിറം ,പോകും...
ഒരു തുള്ളി മഴമതി....
പച്ചപ്പ് തിരിച്ചു വരാന്‍....,,,

ആണ്ടിലൊരിക്കല്‍ ജനിക്കുന്ന ശീപോതിയല്ല...
വ്യാഴവട്ടത്തില്‍ പൂക്കുന്ന കുറിഞ്ഞിയല്ല...
കാലമെത്തി പൂക്കുന്ന അശോകമല്ല...
ഇത് പച്ചയാണ്.... കമ്മ്യൂണിസ്റ്റ് പച്ച....

വേറെന്തു പേരിടാനാണ് ഈ പോരാളിക്ക്....?

7/18/13

മഴക്കൊപ്പം പെയ്യുന്ന ഓര്‍മ്മകള്‍ -1

പണ്ടാണ്....
പണ്ടെന്നു പറയുമ്പോ ഒരുപാടങ്ങ് പോണ്ട....
ഒരു ഏഴു വര്ഷം.... അത്രേം മതി...

പെരളശ്ശേരി സ്കൂളില്‍, മധുരപ്പതിനാറില്‍ല്‍ നുരഞ്ഞു പതഞ്ഞു പൊങ്ങി പ്ലസ്‌ ടു കാലഘട്ടം  കലക്കിമറിച്ചു കൊണ്ടിരിക്കുന്ന ഹന്ത കാലം....
(ഒരു നെടുവീര്‍പ്പ് ഇടട്ടെ പ്ലീസ്‌) )0)

റമ്മിന് വെള്ളം എന്ന പോലെ പണ്ട് ആറിലും,ഏഴിലും വച്ച് കണ്ടു വല്ലാണ്ടങ്ങ് മിക്സ് ആയിപ്പോയ ടീംസ് ആയിരുന്ന ഞങ്ങ കൊറച്ച് പാവങ്ങള്‍...

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോ ഞങ്ങള്‍ക്ക് മുന്നില്‍ ഇനി അടുത്ത സ്കൂള്‍ ഏതാ എന്നൊരു ചോദ്യം തലയും കുത്തി വന്നു നിന്നു...

ഒരുത്തന്‍ പറഞ്ഞു "പത്തു കൊല്ലായി ഈ സ്കൂളില്‍ നടന്നു വരുന്നു....
അത് കൊണ്ട് ബസില്‍ കയറി പോകാന്‍ പറ്റുന്ന സ്ക്കൂള്‍ മതി......... ആലോചിച്ചപ്പോ ഞാനും തുല്യ ദുഖിതന്‍ ആണ്....
മമ്പറം സ്കൂളിലെ മല കയറി കാല്‍മുട്ടിന്റെ ഉള്ളില്‍ നിന്നും പട്ക്കോം,കിട്ക്കോം എന്ന് കേക്കാന്‍ തുടങ്ങിയിരിക്കുന്നു....
അങ്ങനെ   അങ്ങ് തീരുമാനിച്ചു
പ്ലസ്‌ ടു മമ്പറത്ത് വേണ്ട....
പെരളശ്ശേരി മതി...
വന്‍ ഭൂരിപക്ഷത്തോടെ പാസായ ആ തീരുമാനത്തിന്‍റെ ബലത്തില്‍ അങ്ങനെ എല്ലാരും മത്സരിച്ചു അപേക്ഷ കൊടുത്തു.,,, പണ്ടേ എല്ലാര്‍ക്കും പഠിപ്പിന്റെ ചെറിയ അസുഖം ഉണ്ടായിരുന്നത് കൊണ്ട് വല്യ കുഴപ്പം ഒന്നുമില്ലാതെ സയന്‍സ് തന്നെ എടുത്തു അവിടെ കയറി...

കോരി ചൊരിയുന്ന മഴയില്‍ റോഡേതാ....? വഴിയെതാ....? ക്ലാസേതാ....? എന്ന് മനസിലാകാത്ത വിധം നനഞ്ഞു നാണിച്ചു നിക്കുന്ന സ്കൂളിലേക്ക് ഒരു ജൂണ്‍ 15നു കയറുമ്പോ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ,,,, ചുണ്ടില്‍ ഒരു പുച്ഛ ചിരി വിരിയിച്ചു...

"യെന്തു ഉസ്ക്കൂള്‍ എടാ..... ഒന്ന് ആഞ്ഞു ചവിട്ട്യാല്‍ ഇത് പൊളിയുല്ലോ....? "

ഈ മഴ കടന്നു കിട്ടോ.....?

പല പല ചോദ്യങ്ങള്‍....,,,,

എന്നാലും അങ്ങ് പോട്ടെന്നു വിചാരിച്ച് പഠനം അങ്ങ് തുടങ്ങി....

മഴ പെയ്തുകൊണ്ടേയിരുന്നു....
സമയം കുലംകുത്തി ഒഴുകി.....
.മഴ മാറി.... പുതിയ പുല്‍നാമ്പുകള്‍ സ്കൂളിന്‍റെ മുറ്റത്ത്‌ പൊങ്ങി വന്നു....
നനഞ്ഞു കുതിര്‍ന്ന നമ്മടെ ചില മച്ചാന്മാരുടെ മനസ്സില്‍  ഇതിനിടെ പ്രണയം തലപൊക്കി ഹിറ്റ്‌ ചെയ്യാന്‍ തുടങ്ങി...

അങ്ങനെ പഠിത്തവും, ഇന്റര്‍വെല്‍ പ്രണയവും ഒക്കെ കൂടി കുഴഞ്ഞു മറിഞ്ഞങ്ങ് കടന്നു പോയി....

കഥ ആരംഭിക്കുയാണ്..... അതിനു മുന്‍പ്‌ ഈ കഥയിലെ കഥാപത്രങ്ങളെ അറിയണം
ആദ്യമായി പാത്ര പരിചയം
--------------------------------------------
"എല്ലാ കുലയിലും ഒരു പേട് തെങ്ങ ഉണ്ടാകും" എന്ന ആഗോളസിദ്ധാന്ത പ്രകാരം ഞങ്ങള്‍ടെ കുലയിലും ഒരുത്തന്‍ ഉണ്ടായിരുന്നു....
ക്ലാസില്‍ ഇരുന്നു മുഷിയാതെ കണ്ണൂര്‍ കൂത്ത്‌പറമ്പ റൂട്ടിലെ ബസ്‌ എണ്ണാന്‍ ഭാഗ്യമുണ്ടായവാന്‍..,,,,
അവനെ പോലെ ആകാന്‍ ഉള്ളില്‍ ആഗ്രഹം വെച്ച് കൊണ്ട് ഞങ്ങള്‍ അവനെ സ്നേഹപൂര്‍വ്വം വിളിച്ചു

######ക്യാപ്റ്റന്‍@######(സിംബല്‍ അടിച്ചേ പറ്റൂ) കഥാപത്രം ഒന്ന്

ഒരു റേഷന്‍ കട മാത്രമുള്ള കുറ്റിപ്പുറം സിറ്റിയുടെ സ്വന്തം പുത്രന്‍...,,,

ആരോട് എന്ത്, എപ്പോ പറയണം എന്ന് യാതൊരു ബോധവും ഇല്ലങ്കിലും അതിന്റെ യാതൊരു അഹങ്കാരവും പുറത്തുകാണിക്കാതെ നടക്കുന്ന സ്വന്തം കപ്പിത്താന്‍...(
(സ്നേഹം കൂടുമ്പോള്‍ കപ്പിത്താന്‍ ആകും)

തട്ടം വീക്ക്‌നെസ് ആണെന്ന് വിനീത് ശ്രീനിവസനെക്കള്‍ മുന്നേ പറഞ്ഞവന്‍////.., താത്ത കുട്ടികളെ മാത്രം നോക്കുകയും അവരോടു പ്രണയാഭ്യര്‍ത്ഥന നടത്തുകയും നാറിപണ്ടാരമടങ്ങല്‍ ഒരു സപര്യആക്കുകയും ചെയ്ത മ്മടെ മുത്ത്‌....,,,, (വിശേഷിപ്പിച്ചിട്ട് മത്യാവണില്ല)

വൈകിട്ട ക്ലാസ്സ്‌ കഴിഞ്ഞാല്‍ എല്ലാരും വീട്ടില്‍ പോയാലും ഞങ്ങള്‍ ആറു പേര്‍ പോവില്ല... അഞ്ചേ കാലിനു ഓര്‍മ്മ ബസില്‍ അവസാനത്തെ കുട്ടിയേയും കയറ്റിവിട്ട് അതിന്‍റെ ചാരിതാര്‍ത്ഥ്യം തീര്‍ക്കാന്‍ ജയെട്ടന്റെ പീട്യേല്‍ നിന്നും ലോകത്ത്‌ ഒരു ചായക്കടയിലും അതിനു മുന്‍പോ, പിന്‍പോ കണ്ടിട്ടില്ലാത്ത ഒരു പ്ലേറ്റ് ഉണ്ട വാങ്ങി തിന്നും... കൂട്ടത്തില്‍ ഒരു ബസ്‌ മുതലാളി ഉണ്ടായിരുന്നത് കൊണ്ട് അവന്‍റെ കീശ ഒഴിയുന്നതും എന്‍റെ കൊതി തീരുന്നതും ഒരുമിച്ചായിരുന്നു...

ഏതു പെണ്ണിനെ കണ്ടാലും അവള് നായരായിരിക്കും എന്ന് മനസില്‍ ഉറപ്പിക്കുകയും ഏറ്റവും ആത്മാര്‍ഥമായി അവള് പോലും അറിയാതെ അവളെ പ്രണയിക്കാനും, അവസാനം അവളെ കാക്ക കൊണ്ട് പോകുമ്പോ ഇഞ്ചി കടിച്ച പോലെ നിക്കാനും, അന്ന് നൂറു പേജില്‍ കവിയാതെ സെന്റിയടിച്ചു നമ്മളെ ഒക്കെ വെറ്‌പ്പിക്കാനും, പിറ്റേന്ന് ഇന്റര്‍വെലിനു വേറെ ഒരു "നായര്" പെണ്ണിനെ കണ്ടു ഇതേ പരിപാടി ആരംഭിക്കാനും യാതൊരു മടിയുമില്ലാത്ത നിഷ്കളങ്ക ബാല്യമായിരുന്നു മേല്‍ പറഞ്ഞ ബസ്‌ മുതലാളി...(തിന്ന ഉണ്ടക്ക് എനിക്ക് നന്ദിയില്ല ല്ലേ ) കഥാപാത്രം രണ്ടു

ഇനി നായകനിലേക്ക്.,,,,,


wait...... 

12/5/12

യു പി എ സര്‍ക്കാര്‍ അഥവാ നവലോക ശിഖണ്ടികള്‍

അങ്ങനെ ആ കര്‍മ്മവും തീര്‍ന്നു.,, നൂറു ശത കോടീശ്വരന്‍മാര്‍ കൂടി നൂറ്റി മുപ്പതു കോടി ജനങ്ങളെ വിറ്റു..... അല്ലെങ്കിലും ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലുതടക്കം തൊണ്ണൂറ്റിഒന്‍പതു ശതമാനം അഴിമതിയുടെയും പിതൃത്വം പേറുന്ന കോണ്‍ഗ്രസ്നു ഇതൊന്നും ജനദ്രോഹത്തിന്റെ പട്ടികയില്‍ വരില്ല.

പെയ്മെന്റ്റ്‌ സീറ്റുകളിലൂടെ ബിസിനസ് മാത്രം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഭരണസിരയില്‍ നുഴഞ്ഞു കയറിയ ഒന്നാംതരം വ്യവസായികള്‍ അഥവാ തട്ടിപ്പുകാര്‍ ആം ആദ്മിക്ക്നേരെ തുപ്പുമ്പോള്‍ ആരുണ്ടിവിടെ ഒന്ന് എതിര്‍ക്കാന്‍...,,,?

ഭിന്നിപ്പിച്ചു ഭരിച്ച ബ്രിടിഷ്കാരെ പോലും നാണിപ്പിച്ചു കൊണ്ട് ദ്രാവിഡനെന്നും, ദളിതനെന്നും, അതി ദരിദ്രദളിതനെന്നും ജനങ്ങളെ ചാപ്പകുത്തി ജാതിരാഷ്ടീയവും, പ്രാദേശികവാദ രാഷ്ട്രീയവും മാത്രം മുഖമുദ്രയാക്കിയ, DMK, BSP. SP തുടങ്ങിയ വിഡ്ഢിപാര്‍ടികളും തങ്ങള്‍ക്കു കിട്ടുന്ന കോടികള്‍ ഓര്‍ത്തു ജനങ്ങളെ (ശരാശരി വിദ്യാഭ്യാസത്തില്‍ പിന്നോക്കം നിക്കുന്നതും, ജനസംഖ്യയില്‍ മുന്നില്‍ നിക്കുന്നതുമായ  സംസ്ഥാനങ്ങള്‍) ]]ആണ് രണ്ടും) പകല്‍വെളിച്ചത്തില്‍ തന്നെ പറ്റിച്ചു.

സാധാരണ അരിഭക്ഷണം കഴിക്കുന്ന ജനങ്ങള്‍ ചിന്തിക്കേണ്ട ചില വസ്തുതകള്‍ ഇതിലുണ്ട്, ചെറുകിട മേഘലയിലെ വിദേശനിക്ഷേപത്തിന് അനുമതി നല്‍കുക വഴി ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടാന്‍ പോകുന്നതും സാധാരണ ജനങ്ങള്‍ ആണ്.

ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ മുളച്ചു കൊണ്ടിരിക്കുന്ന ഹൈപര്‍/// , സൂപര്‍ മാര്‍ക്കറ്റുകള്‍ തന്നെ ചെറുകിട കച്ചവടക്കാര്‍ക്ക് ഉയര്‍ത്തുന്ന ഭീഷണി വലുതാണ്‌.. എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുന്ന കാര്യമാണ്. സമ്പത്തിന്‍റെ ഏകധ്രുവ കേന്ദ്രീകരണം എന്നതാണ് ആദ്യ ആഘാതം, ഒരു കുടക്കീഴില്‍ എല്ലാം ഒരുമിച്ചു ലഭിക്കുന്നു എന്ന സൗകര്യം ജനങ്ങള്‍ പ്രയോജനെടുത്തുമ്പോള്‍ തകരുന്നത് വില്പന മേഘലയിലെ വര്‍ഷങ്ങളായി നില്‍ക്കുന്ന കൈമാറ്റ ചങ്ങലകള്‍ ആണ് .

ചെറുകിട വില്പനകാര്‍ ഈടാക്കുന്നതിനെക്കാള്‍ ചെറിയ തുകക്ക് ആദ്യകാലങ്ങളില്‍ ഇത്തരം കുത്തകകള്‍ വില്പനനടത്തുകയും , മാര്‍ക്കറ്റ്‌ കീഴടക്കുകയും ചെയ്യുന്നതാണ് അടുത്തഘട്ടം.

ഈ മല്‍സരത്തില്‍ പിടിച്ചു നിക്കനാവാതെ ചെറുകിട കച്ചവടക്കാര്‍ പിന്മാറുകയും, നിരവധി തൊഴില്‍ അവസരങ്ങള്‍. നഷ്ടമാകുകയും ചെയ്യുന്നു, വാള്‍മാര്ട്ടും, റിലയന്സും, മാളുകള്‍തുടങ്ങിയാല്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ വരും എന്നതിന്‍റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ചെറുകിടകച്ചവടക്കാര്‍ പൂര്‍ണ്ണമായും പിന്മാരുന്നതോടെ കുത്തകവല്‍ക്കരണം പൂര്‍ണ്ണമാകും, പലപ്പോഴും ഒരു വസ്തുവിന് വില കുറയുന്നത് വിപണിയിലെ മാത്സര്യം കൊണ്ടാണ്, ഇതില്ലതാവുന്നതോടെ സാധനങ്ങള്‍ ഉണ്ടാക്കുന്നവര്‍  അതായത് കര്‍ഷകരോ, വ്യവസായികാളോ   അവരുടെ ഉല്‍പ്പന്നങ്ങള്‍ ,വില്‍ക്കുന്നവര്‍ പറയുന്ന വിലക്ക് കൈമാരെണ്ടാതായി വരും. കൂടാതെ അത് അവര്‍ക്കിഷ്ടമുള്ളവിലക്ക് ഉപഭോക്താവ്‌ വങ്ങേണ്ടാതായും വരുന്നു....

ഇതോടെ ഇന്ത്യന്‍ ഭരണഘടനയില്‍ വലിയ അര്‍ത്ഥന്തരങ്ങളോടെ എഴുതിചേര്‍ക്കപ്പെട്ട സോഷ്യലിസം എന്ന പദം കീറിമുരിക്കപ്പെടും...

ഇതിനെല്ലാം നിരവധി തെളിവുകള്‍ ഉണ്ടെന്നിരിക്കെ, ആദ്യപ്രയോക്താക്കള്‍ ആയ അമേരിക്കയില്‍ പോലും ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ നാം മനസിലാക്കുക, വാള്‍സ്ട്രീറ്റ്‌ സമരത്തിന്‌ മുന്നില്‍ മുട്ട്മടക്കിയ കുത്തകകള്‍ കഴിഞ്ഞ കാലങ്ങളായി ലോകത്തെ മികച്ച മറ്റു വിപണികള്‍ക്കായുള്ള അന്വേഷണത്തില്‍ ആയിരുന്നു, അവര്‍ അത് കണ്ടെത്തിയത് അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും, അതിനു വേണ്ടി പരവതാനി വിരിച്ചു കൊടുക്കാന്‍ ജനദ്രോഹനവ ആശയങ്ങളില്‍ ഗവേഷണം നടത്തുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായി അല്ലെങ്കില്‍ നമ്മള്‍ ഉണ്ടാക്കി എന്നതാണ് ഇന്ത്യക്കാര്‍ ചെയ്ത കുറ്റം.

തെളിവുകള്‍ ഉണ്ടോ എന്ന് ചോദിക്കുന്നവരോട് പറയാന്‍ ചില സ്ഥലപ്പെരുകളും രാജ്യങ്ങളും മാത്രമേ ഉള്ളൂ, തലയില്‍ ആള്താമസം ഇല്ലാത്തവര്‍ മാത്രമേ  മേല്‍പറഞ്ഞ കാര്യങ്ങള്‍ വിസ്വസിക്കാതിരിക്കൂ, അത് കോണ്ട് തന്നെ ഈ തെളിവുകള്‍ കണ്ടാല്‍ അത്തരം ശിഖണ്ടികള്‍ക്ക് മനസിലാകണം എന്നുമില്ല.

കൊച്ചബാംബ,  ചിലിയിലെ നഗരങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പൂട്ടിയത് 15000ത്തില്‍ പരം ചെറുകിട വില്പന ശാലകള്‍, അന്തകന്‍ വാള്‍മാര്‍ട്ട്‌....,,,

അമേരിക്കയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത് ഒരു കുത്തകസ്ഥാപനം ചെറുകിട മേഘലയില്‍ വരുമ്പോള്‍ 15O പേര്‍ക്കെങ്കിലും പ്രത്യക്ഷമായി തൊഴില്‍നഷ്ടപ്പെടുന്നു.

വെറും ചെറുകിട വില്പനശാലകള്‍ മാത്രമാണ് ഇതിലൂടെ തകര്‍ക്കപ്പെടുക എന്ന് ആരും വിചാരിക്കരുത്, ജനങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന മരുന്ന് വില്പനമേഘല മുതല്‍ ഭക്ഷണ, നിര്‍മ്മാണ മേഘലകളെ വരെ FDI  നേരിടു സ്വാധീനിക്കും.

ഇന്ന് വിലകുറച്ചു വില്‍ക്കുന്ന മരുന്നുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളെ വിദേശകമ്പനികള്‍ ഏറ്റെടുക്കുന്നത് വഴി മരുന്ന് വില കുതിച്ചുയര്‍ന്നത്‌ നമ്മള്‍ ഈയിടെ തന്നെ കണ്ടതാണ്....

ആരോട് പറഞ്ഞിട്ടും കാര്യമില്ല, എങ്കിലും ഇന്ത്യക്കാരന്റെ പണയം വെക്കാത്തമനസും, വളയാത്ത നട്ടെല്ലും ഉള്ളവര്‍ക്ക് വായിക്കാം, പ്രതികരിക്കാം,


12/1/12

(എന്‍റെ) ബാല്യം...

മഴപെയ്താല്‍ ചോരുന്ന വീട്....
പാത്രങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു...
കവിഞ്ഞു മറിഞ്ഞു,ചാണകം തേച്ച നിലത്ത് -
ചിത്രങ്ങള്‍ പലതു മാറി വന്നു...

കീറക്കുടയും ചൂടി ഒറ്റയ്ക്ക്, ഒരു മൂലയില്‍ ഞാന്‍..-
മടിയില്‍എന്‍റെ സ്കൂള്‍ ബാഗ്‌...,,,
ചോരുന്നസ്ഥലത്ത് പാത്രങ്ങള്‍ വെക്കാന്‍ വൃഥാ ശ്രമിക്കുന്ന അമ്മ...

അമ്മയുടെ മൂര്‍ധാവിലൂടെ ഇറ്റ് വീഴുന്ന-
മഴത്തുള്ളിയില്‍ നിന്നു മറയാന്‍ 
അമ്മയുടെ നേരെ ഒട്ടി നിക്കുന്ന പെങ്ങള്‍..
സമയം അറിയാന്‍ ഒരു ക്ലോക്ക് പോലും ഇല്ല..
ഒരു പക്ഷെ അര്‍ദ്ധരാത്രിയോ, രണ്ടാം യാമമോ ആവാം...

വീടിനു പുറത്തു ആടിന്‍റെ കൂടുണ്ട്...
കാട്ടവും,മൂത്രവും കുഴഞ്ഞ ദുര്‍ഗന്ധം...
കുടപിടിച്ചു ഉറക്കം തൂങ്ങനാവാതെ
ആട്ടിന്‍ കൂട്ടില്‍ കിടന്നുറങ്ങിയ രാത്രികള്‍....,,,,

എണ്ണയുടെ കരിമണം പരത്തുന്ന വിളക്കുകള്‍-,,,,
എണ്ണയില്‍ കാലെത്താതെ ചില തിരികള്‍ അന്ത്യശ്വാസം വലിച്ചു..

സ്കൂളില്‍ തലേന്ന് കണ്ട കാര്‍ട്ടൂണ്‍ കഥ പറയുന്ന കൂട്ടുകാര്‍-..
ജീവിതം തന്നെയൊരു കഥയായി ഞാനും...
വൈകിട്ട് സ്കൂള്‍ വിടുമ്പോള്‍ പ്രാര്‍ത്ഥന
മഴ പെയ്യല്ലേ, എന്‍റെ ഉറക്കം കളയല്ലേ...

അമ്മയ്ക്കും ആ രാത്രികള്‍ക്കും ഒരു ഭാവമായിരുന്നു..
തോരാത്ത മഴയുടെ ദയനീയത....
പളുങ്ക്പാത്രങ്ങളിലെ മധുര പാനീയമായിരുന്നില്ല ജീവിതം...
കയ്പ്പും, ചവര്‍പ്പും കൂട്ടിയ എന്തോ ഒന്ന്....

ജീവിതം അവസാനിക്കുന്നില്ല...


11/30/12

ഒന്നായിരുന്നു....


ഒരാള്‍ക്ക്‌ കരളില്‍....,,,

ഒരാള്‍ക്ക്‌ തലയില്‍....,,,
ശ്വാസകോശത്തിലും, എല്ലിലും -
നീര് പോലും ഇറക്കാതെ തൊണ്ടയിലും-


മിണ്ടാനാവാതെ നാക്കിലും-
രുചിഅറിയാതിറക്കാതെ 
ആമാശയത്തിലും അതിന്‍ താഴെയും...
ശപിതജന്മങ്ങള്‍ തമ്മില്‍ -
രോഗങ്ങളില്‍ മാത്രം വ്യത്യസ്തത !!!

എല്ലാവരും കണ്ണ്കുഴിഞ്ഞവര്‍
സ്വപ്‌നങ്ങള്‍ അര്‍ബുദമായി -
ഉരുണ്ടു കൂടിയവര്‍
ഇരുള്‍ മൂടി പെയ്തൊഴിയാത്ത-
എങ്കിലുംവറ്റി വരണ്ട കണ്ണുള്ളവര്‍...
അവര്‍ക്കെല്ലാം കൂടി ഒരു മുഖം...
കുടുംബത്തിനും ഒരു മുഖം,,,
നഷ്ടപ്രതീക്ഷകളുടെ മുഖം...
ഒന്ന് നോക്കിയാല്‍ പിന്നെ നോക്കാനാവാത്ത മുഖം... 

11/6/12

ഇന്നത്തെ കഥ ഇന്നലെ പറഞ്ഞപ്പോള്‍..

               ഇടതുപക്ഷത്തിന്‍റെ ചരിത്ര ഭൂമിയായ ഒഞ്ചിയത്തിനടുത്ത് ഗ്രാമവിശുദ്ധിയുടെയും, പോരാട്ടങ്ങളുടെയും കഥകള്‍ രചിച്ച ആവള ടി കുഞ്ഞിരാമക്കുറുപ്പ് എന്നൊരു കഥാകാരന്‍ ജീവിച്ചിരുന്നു, യാദ്രിശ്ചികമായി അദ്ദേഹത്തിന്‍റെ ഒരു കഥ വായിക്കാന്‍ ഇടയായി, ഇന്നത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മൂല്യച്ചുതി ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്ക്മുന്‍പ്‌ അദ്ദേഹം ഒരു പുരാണകഥയുടെ മേലങ്കിയില്‍ എഴുതിവച്ചത്കണ്ടപ്പോള്‍ .... നമിച്ചു പോകുന്നു....

കഥയില്‍ ആകെ ഉള്ളത് രാജാവും, റാണിയും, മന്ത്രിയും മാത്രം... ആഡംബരത്തില്‍ മുന്നില്‍ നിക്കുന്ന റാണിയും അതിനനുസരിച്ച് തുള്ളുന്ന രാജാവും, അതിനിടയില്‍ പെട്ട് നട്ടം തിരിയുന്ന മന്ത്രിയും....

രാജ്ഞിയുടെ ആഗ്രഹം സാധിക്കാന്‍ രാജ്യത്തെ സമ്പത്ത്മുഴുവന്‍ വിറ്റ് കൊട്ടാരം പണിയുകയാണ്... അത് പോരാഞ്ഞ് ജനങ്ങള്‍ക്ക്‌ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയും, അവരില്‍ നിന്നും പിഴഈടാക്കിയും ആ കൊട്ടാരം ഉയര്‍ന്നു വന്നു കൊണ്ടിരുന്നു, അതുനനുസരിച്ചു ജനങ്ങള്‍ പട്ടിണിയില്‍ ആകുകയും ചെയ്തു...

ഒടുവില്‍ ആ കൊട്ടാരം പണി പൂര്‍ത്തിയായി...

ഒരു സന്ധ്യയില്‍ റാണിയും രാജാവും ആ കൊട്ടാരത്തിന്റെ വാനോളം ഉയര്‍ന്ന മട്ടുപ്പാവില്‍ ഇരിക്കുകയായിരുന്നു....
അങ്ങകലെ കുടിലുകളില്‍ വിലക്കുകള്‍ തെളിഞ്ഞു വന്നു... ഇത് കണ്ടു റാണി കൊപിഷ്ടയായി...

"പ്രിയതമാ, ഞാനെന്താണീ കാണുന്നത്,,,? അങ്ങെനിക്കു വേണ്ടി ലോകത്തെ ഏറ്റവും വലിയ കൊട്ടാരം പണിത്, മട്ടുപ്പാവ് പണിതു, പക്ഷെ ഹാ കഷ്ടം..... ഈ കാഴ്ച നോക്കൂ... ഇതിനും ചുറ്റും ഈ കുടിലുകള്‍ .... എത്രയും പെട്ടെന്ന് കൊട്ടാരത്തില്‍ നിന്നും കാണാവുന്ന കുടിലുകള്‍ മാറ്റണം..."

റാണി പറഞ്ഞതല്ലേ, കോന്തന്‍രാജാവ് അതിനും ഉത്തരവിട്ടു,,,,

മന്ത്രി എതിര്‍ത്തിട്ടും, ആ കൊട്ടാരത്തിനു ചുറ്റുമുള്ള കുടിലുകള്‍ പൊളിച്ചു തീയിട്ടു, ..ആളുകള്‍ പലായനം ചെയ്തു...

പിറ്റേ ദിവസം...

അന്നും ഇരുട്ടിയപ്പോള്‍ റാണി മട്ടുപ്പാവിലെത്തി....

കാഴച്ചയില്‍ മാറ്റമില്ല... വീണ്ടും കുടിലുകള്‍......,,,, അങ്ങകലെ പൊട്ടു പോലെ...

പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടു....

ദിവസവും ഇതാവര്‍ത്തിച്ചു,,,,

ആ കൊട്ടാരം ഉണ്ടാകുമ്പോള്‍ രാജ്യം മുഴുവന്‍ കുടിലുകള്‍ ഉയരുകയായിരുന്നു എന്ന് റാണിയും , രാജാവും അറിഞ്ഞില്ല...

ആ മട്ടുപാവില്‍ ഇരുന്നാല്‍ രാജ്യം മുഴുവന്‍ കാണാം എന്നതും അവര്‍ മറന്നു....

രാജ്യം മുഴുവനുള്ള കുടിലുകള്‍ അവര്‍ പൊളിച്ചു മാറ്റി... സമ്പന്നതയുടെ മുഖപടം അണിയുകയായിരുന്നു ലക്ഷ്യം....

ഒടുവില്‍ ഒരു നാള്‍ ആ കുടിലുകള്‍ നഷ്ടപ്പെട്ട ജനം കൊട്ടാരത്തിലെത്തി രാജാവിനെയും, റാണിയെയും വലിച്ചു പുറത്തിട്ടു....

ഇനി ഒന്ന് ചിന്തിക്കൂ....

ഇന്നത്തെ നമ്മുടെ ഭരണാധികാരികള്‍ ചെയ്യുന്നത് ഇതല്ലേ...?

കൊട്ടാരങ്ങളുടെ തലയെണ്ണി അതാണ്‌ സര്‍വ്വം എന്ന് അഹങ്കരിക്കുന്നവര്‍...,,,
കുടിലുകള്‍ ഉണ്ടായത് തങ്ങളെ കൊണ്ടല്ല എന്നുറച്ച് ഭൌതികമായി അത് മാറ്റാന്‍ ശ്രമിക്കുന്നവര്‍///...,,,,

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഈ രാജ്യത്തെ ഏറ്റവും വലിയ പണാധിപത്യ രാഷ്ട്രം എന്നാ തലത്തിലേക്ക് വളര്‍ത്തിയ ഭരണമാണ് ഇന്ന് നിലവിലുള്ളത്...

അംബാനിയെയും, വയലില്‍ ജോലിയെടുക്കുന്ന കൊരെട്ടനെയും ഒന്നിച്ചെടുത്ത് അവരുടെ വരുമാനം കൂട്ടി, രണ്ടു കൊണ്ട് ഹരിച്ചാല്‍ കൊരെട്ടാണ് 50000 ലക്ഷം കൊടിയിയുടെ വരുമാനം വരും എന്ന അതി നൂതന വികസന കണക്കെടുപ്പില്‍ സമ്പന്നരായി മാറിയ പൊതുജനം ഒടുവില്‍ പ്രതികരിക്കും എന്നുറപ്പ്,,, ഒരു പക്ഷെ അറബുവസന്തം പോലെയോ, സിറിയന്‍ വിപ്ലവം പോലെയോ ആകില്ല അത്.... അതിലും രൂക്ഷമായിരിക്കും....

NB:റാണി = സോണിയാഗാന്ധി അല്ല.....
കോന്തന്‍രാജാവ്= മന്‍മോഹന്‍സിങ്‌ അല്ല...
രാജ്യം = ഇന്ത്യ അല്ല....
------------------------------------------------------------------------------------------------
ചൊറ തന്നെ ജീവിതം...:)
ഷിനോജ്പൊയനാട് ഒരു ബൂലോക ചൊറ

10/1/12

ചെ-അഥവാ വിപ്ലവം

വിശേഷണങ്ങള്‍ വേണ്ടാത്ത ലോകം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരി,,, അതാണ്‌ ഏർണസ്റ്റോ ഗുവേര ഡി ലാ സെർന എന്ന ചെ. സാമ്രാജിത്തവിരുദ്ധപോരാട്ടങ്ങളില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത ക്യൂബന്‍ വിപ്ലവത്തില്‍ ഫിടലിനോടൊപ്പം ചേര്‍ന്ന് നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ മുതല്‍ ബൊളീവിയന്‍ കാടുകളില്‍ എരിഞ്ഞടങ്ങും വരെ നീണ്ടു നിന്ന ഒരു സിനിമാറ്റിക് ലൈഫ്...

അര്‍ജെന്റിനയില്‍ ജനിച്ച് ലോകത്തിന്‍റെ മുഴുവന്‍ വിപ്ലവപര്യായമായി മാറിയ ചെ ഒരു സുപ്രഭാതത്തില്‍ വളര്‍ന്നു വന്ന നേതാവായിരുന്നില്ല. തന്നെ ചെറുപ്പം മുതല്‍ അലട്ടിയിരുന്ന ആസ്ത്മ രോഗത്തെ ത്രിണവല്കരിച്ച്, ഡോക്ടര്‍ എന്ന വിലാസം വലിച്ചെറിഞ്ഞു മാനവ വിമോചന പോരാട്ടത്തില്‍ ജീവന്‍ എറിഞ്ഞു കൊടുത്ത മഹാന്‍,,,അതാണെ ചെ അന്ന അക്ഷരം..

                        ഒക്ടോബര്‍ 9 ചെയുടെ രക്തസാക്ഷിത്വ ദിനം...

ഓര്‍മകള്‍ മരിക്കാത്ത കാലത്തോളം ഓര്‍ക്കാന്‍ പ്രിയ സഖാവിന്‍റെ അപൂര്‍വ ചിത്രങ്ങളും, വിഡിയോകളും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ചെ യുടെ ബാല്യം
-------------------------------------------------------------------------------------------------------

ചെ-
-----------------------------------------------------------------------------------------------------------------------
പോരാട്ടങ്ങള്‍ക്കിടയില്‍

--------------------------------------------------------------------------------------------------------------------
\ക്യൂബന്‍ വിപ്ലവത്തില്‍ ഫിടലിനോപ്പം


------------------------------------------------------------------------------------------------------------------ചെ, റൌള്‍.,ഫിഡല്‍
--------------------------------------------------------------------------------------------------------------------


പോരാളി
-----------------------------------------------------------------------------------------------------------------------

ബൊളീവിയയില്‍


--------------------------------------------------------------------------------------------------------------

കുടുംബത്തോടൊപ്പം
-----------------------------------------------------------------------------------------------------------------ഈ നൂറ്റാണ്ടിലെ സാമ്രാജിത്ത ശക്തികളുടെ പേടിസ്വപ്നം...
----------------------------------------------------------------------------------------------------------------------


വിപ്ലവ സൂര്യന്‍
------------------------------------------------------------------------------------------------------------------
ഹവാനയില്‍ സ്വീകരണത്തില്‍

---------------------------------------------------------------------------------------------------------------------

വിഖ്യാതമായ മോട്ടോര്‍സൈക്കിള്‍ 


വിപ്ലവം ഇവിടെ താത്കാലിക വിശ്രമം കൊള്ളുന്നു


----------------------------------------------------------------------------------------------------------------

ചെഗുവേരയുമായുള്ള ഇന്റെര്‍വ്യൂഐക്യരാഷ്ട്രസഭയില്‍ ചെയുടെ പ്രസംഗം


ചെ യുടെ പ്രസംഗം


വിപ്ലവം ജ്വലിക്കുന്നുഓര്‍മ്മപ്പെടുത്തലുകള്‍ അവ മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനങ്ങള്‍ ആണ്... ചെ ഒരു ഓര്‍മ്മപ്പെടുത്തലാണ്,,, സാമ്രാജിത്ത വിരുധപോടാട്ടങ്ങളിലെ ഇടിവാളാണ്... 

ധീര സഖാവേ,,, ഓര്‍മ്മകള്‍ക്കോര്‍മ്മയില്ലാതാകുന്ന നാള്‍ വരെ ഓര്‍ക്കും നിന്നെ...
റെഡ്‌സല്യൂട്ട്

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....